പ്രതിസന്ധി രൂക്ഷമാകുന്നു; സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തി

അതികഠിനമായ വരള്‍ച്ച കണക്കിലെടുത്ത് ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. സമീപകാലത്തെ ഏറ്റവും വലിയ ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും എസ്.എസ്.എല്‍.സി അടക്കം പൊതുപരീക്ഷകളുടെ സമയത്ത് ലോഡ്‌ഷെഡിങ് സാധ്യമാകില്ലെന്നത് കണക്കിലെടുത്തുമാണ് മുന്‍ കരുതലെന്നോണം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കാലവര്‍ഷവും തുലാമഴ തീര്‍ത്തും ചതിച്ചതോടെ പരമാവധി സ്വകാര്യ വൈദ്യുതി എത്തിക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, ലൈന്‍ ശേഷിയില്ലാത്തതിനാല്‍ അധിക വൈദ്യുതി പരിധിക്കപ്പുറം കൊണ്ടുവരല്‍ അസാധ്യമാക്കി. അണക്കെട്ടുകളിലെ ജലസ്ഥിതി ദുര്‍ബലവുമാണ്.
അനൗദ്യോഗികമായി പവര്‍ കട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വൈദ്യുതിഭവനില്‍നിന്ന് കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും അവിടെനിന്ന് പവര്‍ സ്‌റ്റേഷനുകളിലേക്കും സബ് സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം എത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് ഒഴിവാക്കി ഫോണ്‍ വഴിയാണ് നിര്‍ദേശം. ഓരോ ഫീഡറുകള്‍ക്കും കീഴില്‍ അരമണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഗ്രാമീണ ഫീഡറുകള്‍ക്ക് കീഴില്‍ കൂടുതല്‍ സമയം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണമെന്നാണ് ധാരണ. ഫീഡറുകളെ നഗരഗ്രാമം അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് നിയന്ത്രണം.
മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ വന്‍നഗരങ്ങള്‍ എ യിലും മുനിസിപ്പാലിറ്റികളും ചെറുപട്ടണങ്ങളും ബി യിലും പെടുന്നു. ഗ്രാമീണമേഖലയൊന്നാകെ സി വിഭാഗത്തിലാണ്. എ പരിധിയില്‍ പരമാവധി 25 മിനിറ്റാണ് നിയന്ത്രണം. ബി വിഭാഗത്തില്‍ പ്രതിദിനം അരമണിക്കൂര്‍ ലോഡ്‌ഷെഡിങ്. സിയില്‍ വരുന്ന ഗ്രാമീണ ഫീഡറുകളില്‍ ആവശ്യാനുസരണവും നിയന്ത്രണം ആവാം.
എന്നാല്‍ സ്ഥിരമായി ഒരേ സമയത്ത് വൈദ്യുതി വിഛേദിക്കരുതെന്നും നിര്‍ദേശമുണ്ട്. കാര്യമായി ശ്രദ്ധയില്‍ വരാതിരിക്കാനും പരാതിക്ക് ഇടയാക്കാതിരിക്കാനുമാണിത്.
മഴ പൂര്‍ണമായും നിലച്ചുവെന്നും വേനല്‍ മഴ ലഭിക്കണമെങ്കില്‍ മാര്‍ച്ച് അവസാനം വരെ കാത്തിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൂടി പരിഗണിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വൈദ്യൂതി നിയന്ത്രണം തുടങ്ങിയത്.
സംസ്ഥാനത്തെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി ഉപഭോഗം 64.8 ദശലക്ഷം യൂണിറ്റാണ്. ഈ വര്‍ഷം ചൂട് കൂടുതലായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കെ വൈദ്യുതി ഉപഭോഗവും ഉയരും. ചെറിയ നിയന്ത്രണം മാത്രമാണുള്ളതെന്നും അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ബോര്‍ഡിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha