ലോ അക്കാദമിയില്‍ റവന്യൂവകുപ്പ് പരിശോധന

പേരൂര്‍ക്കട ലോ അക്കാദമിയിലെ ഭൂമി പ്രശ്‌നത്തെ തുടര്‍ന്ന് റവന്യൂവകുപ്പ് പരിശോധന നടത്തി. തഹസില്‍ദാരും ജില്ലാ കലക്ടറുമടങ്ങുന്ന സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് അന്വേഷണ ചുമതല വഹിക്കുന്നത്. ഭൂമി കൈമാറ്റവും അക്കാദമിയുടെ പേരില്‍ സ്റ്റാച്യുവിലുള്ള ഭൂമിയില്‍ ഫല്‍റ്റ് പണിതതും അന്വേഷണ പരിധിയില്‍വരും. അക്കാദമിക് ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി വിനിയോഗിച്ചെന്ന് തെളിഞ്ഞാല്‍ പിഴചുമത്താനും തിരിച്ചുപിടിക്കാനുമാകും.
ലോ അക്കാദമിക്കായി 1968ലാണ് സംസ്ഥാന സര്‍ക്കാര്‍ 11.49 ഏക്കര്‍ ഭൂമി കൈമാറിയത്. ആദ്യം ഭൂമി പാട്ടത്തിനായിരുന്നു നല്‍കിയത്. പിന്നീട് പതിച്ചുനല്‍കുകയും ചെയ്തു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ഭൂമി കൈമാറിയത്. 1968ല്‍ ആണ് ലോ അക്കാദമിക്ക് 11.49 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയതെന്ന് റവന്യു മന്ത്രിയുടെ ഓഫീസ് ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അന്ന് കൃഷിമന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍ ആറു വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയത്. സെന്റിന് 2500 രൂപയായിരുന്നു പാട്ടത്തുക. എന്നാല്‍ ഇതിനെതിരെ റവന്യുമന്ത്രിയായിരുന്ന ഗൗരിയമ്മ എതിര്‍പ്പുമായി രംഗത്തു വന്നു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കേണ്ടത് റവന്യു വകുപ്പാണ്. തന്നെ അറിയിക്കാതെ അക്കാദമിക്ക് ഭൂമി കൈമാറിയെന്ന് ആരോപിച്ചാണ് ഗൗരിയമ്മ എതിര്‍പ്പ് അറിയിച്ചത്.
ഭൂമി മടക്കി നല്‍കണമെന്ന് ലോ അക്കാദമിയോട് അവര്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കൃഷി വകുപ്പിന് കീഴിലെ സ്ഥലമാണ് കൈമാറുന്നതെന്ന വാദമാണ് എം.എന്‍ ഉന്നയിച്ചത്. തെറ്റു പറ്റിപ്പോയെന്ന് പിന്നീട് എം.എന്‍ ഏറ്റുപറയുകയും ചെയ്തു. 1975ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പാട്ടത്തുക സെന്റിന് 6000 രൂപയാക്കി വര്‍ധിപ്പിച്ച് വീണ്ടും പാട്ടക്കാലാവധി 30 വര്‍ഷത്തേക്കു പുതുക്കി. പിന്നീട്, 1984ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് റവന്യൂമന്ത്രിയും ആയിരിക്കെയാണ് ഭൂമി ലോ അക്കാദമിക്ക് പതിച്ചുനല്‍കിയത്.
https://www.facebook.com/Malayalivartha


























