അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചത് കാരണം പൊറുതിമുട്ടി ജനങ്ങള്‍

അരിയുടെയും പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയുമൊക്കെ വില ഒറ്റ റോക്കറ്റില്‍ കയറി ആകാശത്തേക്കു കുതിക്കുമ്പോള്‍ വറചട്ടിയില്‍ വീണ സാധാരണക്കാര്‍ പാചകവാതകത്തിനു കൂടി വില കുത്തനെ ഉയര്‍ന്നതോടെ എരിതീയിലായി. ഒരു മാസം മുമ്പു വരെ കിലോഗ്രാമിനു മുപ്പതും മുപ്പത്തിരണ്ടിനുമൊക്കെ വാങ്ങിയിരുന്ന അരിക്കിപ്പോള്‍ നാല്പത്തിയേഴും നാല്പത്തിയൊമ്പതും രൂപയാണ് വില. പച്ചക്കറി വിലയാണെങ്കില്‍ നൂറു ശതമാനത്തിലേറെ വര്‍ദ്ധിച്ചു.
ഗ്യാസിന് വില കൂടിയത് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ജീവനക്കാരെയും സാധാരണക്കാരെയും വലയ്ക്കും. ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെല്ലാം ഭക്ഷണത്തിന് വില കൂട്ടും. സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പാളിയപ്പോഴാണ് അരി ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുതിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം കാരണമാണ് ഗ്യാസ് വില വര്‍ദ്ധിക്കുന്നത്. കുറഞ്ഞ വരുമാനം കൊണ്ട് തട്ടീംമുട്ടീം ജീവിക്കുന്ന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റാകെ ഇപ്പോള്‍ താളം തെറ്റിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കിലോ അരിക്ക് വില പത്തു രൂപ വരെ വര്‍ദ്ധിച്ചു. ഒരു ചെറു കുടുംബത്തിന് ഒരു മാസം അരിയാഹാരം കഴിച്ച് കഴിയാന്‍ കുറഞ്ഞത് 20 കിലോ ഗ്രാം അരി വേണം അപ്പോള്‍ 200 രൂപ അധികം നീക്കി വയ്‌ക്കേണ്ടി വന്നു. പാല്‍ വില ലിറ്ററിന് 4 രൂപ കൂടിയപ്പോള്‍ ദിവസം അര ലിറ്റര്‍ വാങ്ങുന്നവര്‍ക്ക് അധികച്ചെലവ് 60 രൂപ പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഒക്കെ കൂടിയ വില നല്‍കുമ്പോള്‍ ായിരത്തോളം രൂപയുടെ അധിക ചെലവു വന്നു ചേരും. മീന്‍ , ഇറച്ചി തുടങ്ങിയവയുടെ വിലയും ഇരട്ടിയായി. പ്രതിമാസം കുറഞ്ഞത് 2500-3000 രൂപ ഒരു കുടുംബത്തിന് അധികം ചെലവാകുകയാണ്. വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ചില നടപടികളൊക്കെ പ്രഖ്യാപിച്ചെങ്കിലും ഫലവത്തായിട്ടില്ല.
വില വര്‍ദ്ധന ഇങ്ങനെ
( സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലെ വില ഇങ്ങനെ)
സാധനം ജനുവരി ആദ്യം ഫെബ്രുവരി ആദ്യം മാര്‍ച്ച് 1
മട്ടഅരി 38 39 42
ജയഅരി 35.60 40 47
ആന്ധ്ര വെള്ള 36 37 40
ചമ്പ 35 38 43
മസൂരി അരി 44 45 45
പഞ്ചസാര 40.50 43 45
വഴുതനങ്ങ 32 30 40
വെള്ളരിക്ക 33 28 42
വെണ്ടയ്ക്ക 41 60 61
ബീന്‍സ് 46 53 59
തക്കാളി 17 26 35
കൊച്ചി അരിവിലവര്‍ധനയില്‍ പൊറുതിമുട്ടിയവര്‍ക്ക് ഇരുട്ടടിയായി പാചകവാതക വിലവര്‍ധനയും. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 90 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപ കൂട്ടി. സബ്‌സിഡിയുള്ളവരെ വിലവര്‍ധന ബാധിക്കില്ല. പുതിയവില അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 90 രൂപ കൂട്ടി 764 രൂപ 50 പൈസയാക്കി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 148 രൂപ വര്‍ധിപ്പിച്ച് 1388 രൂപയാക്കി. പാചകവാതക സബ്‌സിഡി ലഭിക്കുന്നവരെ വിലവര്‍ധന കാര്യമായി ബാധിക്കില്ല. വിലവര്‍ധനയ്ക്ക് ആനുപാതികമായ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. സബ്‌സിഡിഡി വേണ്ടെന്നുവച്ച കുടുംബങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കാറ്ററിങ് സര്‍വീസുകാര്‍ക്കും വിലവര്‍ധന കനത്ത തിരിച്ചടിയാകും.
ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടിയതാണ് വിലവര്‍ധനയ്ക്കുള്ള എണ്ണക്കമ്പനികളുടെ ന്യായീകരണം. കഴിഞ്ഞമാസവും പാചകവാതക വില ഉയര്‍ത്തിയിരുന്നു. ഇതോടെ രണ്ടുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകവില 155 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകവില 253 രൂപയും ഉയര്‍ന്നു.
എന്നാല്‍ അപ്രതീക്ഷിതമായി പാചകവാതക വില കൂട്ടിയപ്പോള്‍ ലാഭം കൊയ്തത് ഗ്യാസ് ഏജന്‍സികള്‍. ഇന്നലെ വിതരണം ചെയ്ത സിലിണ്ടറുകള്‍ പലതും ബില്ല് ചെയ്തിരിക്കുന്നത് ഫെബ്രുവരി 28നാണ്. ബില്‍ തീയതി മാറ്റാതെ പുതുക്കിയ തുക ഈടാക്കിയതിനാല്‍ കോടികളുടെ നികുതി നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.
വില വര്‍ദ്ധന പെട്ടെന്നായതിനാല്‍ കംബ്യൂട്ടറില്‍ പെട്ടെന്ന് മാറ്റം വരുത്താനായില്ലെന്നാണ് ഗ്യാസ് ഏജന്‍സി അധികൃതരുടെ നിലപാട്. വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള സിലിണ്ടറുകളെല്ലാം രാവിലെ തന്നെ ഏജന്‍സി അധികൃതര്‍ വണ്ടികളില്‍ കയറ്റി അയയ്ക്കും. ഈ ബില്ലുകളെല്ലാം ഫെബ്രുവരി 28ലെ തീയതിയില്‍ നല്‍കിയാല്‍ 1000 സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സി ഉടമയയ്ക്ക് ഒറ്റയടിക്ക് 90,000 രൂപ ലാഭിക്കാം. നഷ്ടം ഉപഭോക്താവിനും നികുതി ഇനത്തില്‍ സര്‍ക്കാരിനും മാത്രം.
https://www.facebook.com/Malayalivartha























