ബജറ്റ് ചോര്‍ന്ന സംഭവം; ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി; പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്കു പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ പി.സദാശിവത്തിന് പരാതി നല്‍കിയത്.
ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നും ഗവര്‍ണര്‍, സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ ഇടപെട്ട് തോമസ് ഐസക്കിനോട് ധനമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണം. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം സര്‍ക്കാര്‍ നിസാരമായി കാണരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. മനോജ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
അതിനിടെ, ബജറ്റ് അവതരണത്തിനു മുന്‍പ് ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്ന സംഭവം പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നു വിലയിരുത്തിയാണ് പാര്‍ട്ടി നടപടി. ബജറ്റു വിവരങ്ങള്‍ ചോര്‍ന്ന സംഭവം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ധനമന്ത്രിക്കു വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള പാര്‍ട്ടി തീരുമാനം.
ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിലൂടെ ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറുടെ ഡയസിനുമുന്നില്‍ ബഹളം വച്ച പ്രതിപക്ഷാംഗങ്ങള്‍, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയില്‍ തൃപ്തരാകാതെ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പിന്നീട് മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരണം നടത്തുന്ന അപൂര്‍വതയ്ക്കും നിയമസഭ സാക്ഷ്യം വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha























