ആറ്റുകാലിന്റെ സുരക്ഷയ്ക്ക് വനിതാ കമാന്‍ഡോകള്‍

ഭക്തിയുടെ നിറവില്‍ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ നാളെ ഭക്തജനലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ്. ഇക്കുറിയും പൊങ്കാലയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അതീവജാഗ്രതയോടുകൂടി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി തൃശൂര്‍ പോലീസ് അക്കാദമിയില്‍നിന്നും പരിശീലനം നേടിയ 30 വനിതാ കമാന്‍ഡോകളാണ് എ.കെ. 47 തോക്കുകളേന്തി ക്ഷേത്രത്തിനുചുറ്റും അണിനിരന്നിട്ടുള്ളത്. ഏതു പ്രതിസന്ധി ഘട്ടത്തേയും നേരിടാന്‍ ഇവര്‍ മനസാ തയ്യാറെടുത്തുകഴിഞ്ഞു.
കണ്‍ട്രോള്‍ റൂമിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും വനിതാ കമാന്‍ഡോകളുടെ പ്രവര്‍ത്തനം. സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ആറ്റുകാലില്‍ ഇത് ആദ്യമായാണ് പരിശീലനം സിദ്ധിച്ച വനിതാ കമാന്‍ഡോകളെ നിയോഗിക്കുന്നത് എന്ന് റെയ്ഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞു. സുരക്ഷാ ചുമതലകള്‍ക്കായി 3200 പേരെ നിയമിച്ചിട്ടുള്ളതില്‍ 1232 വനിതാ പോലീസുകാരുണ്ട്. ഇവരെക്കൂടാതെ സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള സര്‍വീസില്‍ നിന്നും വിരമിച്ചവരെ കൂടി ഉള്‍പ്പെടുത്തി പിങ്ക് പോലീസ് എന്നൊരു വിഭാഗവും ഇക്കുറി രംഗത്തുണ്ട്.
ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് സുരക്ഷാ ചുമതല. വനിതാ എ.എസ്.പി. പ്രതിഭയ്ക്കാണ് ക്ഷേത്രത്തിനകത്തെ സുരക്ഷാചുമതല. പ്രതിഭയെ കൂടാതെ രണ്ടു എസ്പി.മാരും കൂടി സുരക്ഷാ ചുമതലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ക്ഷേത്രത്തിന്റെയും മറ്റേയാള്‍ ക്ഷേത്രത്തിനു പുറത്തേയും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും. 18 ഡി.വൈ.എസ്.പി. മാര്‍, 32 സി.ഐ. മാര്‍, 364 എസ്.ഐ. മാര്‍ എന്നിവരേയും സുരക്ഷാചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
ആറ്റുകാലിലെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്നുകൊണ്ട് തന്നെ തമ്പാനൂര്‍ മുതലുള്ള ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്. മറ്റൊരു പ്രത്യേകത അന്യ സംസ്ഥാനക്കാരായ പിടിച്ചുപറിക്കാരെ തിരിച്ചറിയാന്‍ കഴിവുള്ള, പ്രത്യേക പരിശീലനം സിദ്ധിച്ച ഷാഡോ പോലീസിന്റെ സാന്നിധ്യമാണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഷാഡോ പോലീസിനെ വിന്യസിക്കുക. കണ്‍ട്രോമിലെ ക്യാമറാ ദൃശ്യങ്ങളും ഇവര്‍ പരിശോധിക്കും. ഇത്തരം നിരീക്ഷണത്തിലൂടെ മൂന്‍വര്‍ഷങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ അന്യസംസ്ഥാനക്കാരെ പിടികൂടിയിരുന്നു.
ഇതിനൊക്കെ പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 എയ്ഡ്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലായുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനും ഗതാഗത സംവിധാനം സുഗമമാക്കാനും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സിറ്റിപോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ആറ്റുകാലിന്റെ മണ്ണില്‍ ഇനി പ്രാര്‍ത്ഥന മാത്രം.
https://www.facebook.com/Malayalivartha


























