പാക്കിസ്ഥാനില്‍ നിന്നും ചാരസംഘടനയായ ഐ.എസ്.ഐ അച്ചടിച്ചിറക്കിയ കള്ളനോട്ടുകള്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്

കേരളത്തിലേക്ക് കള്ളനോട്ടുകളുടെ ഒഴുക്ക് വീണ്ടും സജീവമായിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ കള്ളനോട്ടു മാത്രമല്ല വാര്‍ത്തകള്‍ക്കാധാരം. രാജ്യത്ത് വിതരണംചെയ്യാനായി പാക് ചാരസംഘടനയായ ഐ.എസ്.ഐ. അച്ചടി പൂര്‍ത്തിയാക്കിയ നോട്ടുകള്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വിതരണംചെയ്തതായി സൂചന.
13 കോടി രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തെത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് 2000, 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. പാകിസ്താനിലെ റാവല്‍പിണ്ടിയിലുള്ള പാക് കറന്‍സി നിര്‍മാണ പ്രസ്സുകളില്‍ അച്ചടിച്ച 2000, 500 രൂപയുടെ വ്യാജ കറന്‍സികളാണ് ബംഗഌദേശ് വഴിയും ദുബായ് വഴിയും രാജ്യത്തേക്ക് കടത്തിയതെന്നാണ് സൂചന.
മറുനാടന്‍തൊഴിലാളികള്‍ വഴിയും ഹവാല ഇടപാടുകള്‍ വഴിയുമാണ് കേരളത്തില്‍ പ്രധാനമായും ഇവ വിതരണംചെയ്തിരിക്കുന്നത്. ബംഗാളിലെ മാള്‍ഡയില്‍നിന്നാണ് സംസ്ഥാനത്തെ കുഴല്‍പ്പണമാഫിയയ്ക്ക് വ്യാജ കറന്‍സികള്‍ ലഭ്യമായിരിക്കുന്നത്. യഥാര്‍ഥ ഇന്ത്യന്‍ കറന്‍സിയിലെ 17 സുരക്ഷാമുദ്രകളില്‍ 11 മുദ്രകള്‍ പകര്‍ത്തിയവയാണ് നോട്ടുകള്‍. 2000 രൂപയുടെ വ്യാജനോട്ടുകള്‍ വിദഗ്ധര്‍ക്കുപോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തവയാണ്. 500 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിരിക്കുന്ന കടലാസ് ഗുണമേന്മ കുറഞ്ഞവയാണ്. ഇവ പെട്ടെന്ന് തിരിച്ചറിയാനാകും.
കേരളത്തിലേക്ക് കള്ളനോട്ടുകള്‍ ഒഴുകുന്നുണ്ടെന്ന വിവരം വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തില്ലെന്ന പരാതി കഴിഞ്ഞ ദിവസം മലയാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ഉന്നയിക്കുകയുണ്ടായി. എന്തു കൊണ്ടാണിതെന്ന് ബന്ധപ്പെട്ടവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. രണ്ടുമൂന്നു വര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു കണ്ടെയ്‌നര്‍ നിറയെ കള്ളനോട്ടു വന്നെന്ന വാര്‍ത്ത ജനങ്ങളില്‍ ആശങ്ക പരത്തിയെങ്കിലും അതിനെ കുറിച്ച് ആര്‍ക്കും ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. കള്ളപ്പണം വന്നോ ? വന്നെങ്കില്‍ എത്ര ? എവിടേക്കു പോയി എന്ന വിശദവും വിദഗ്ധവുമായ അന്വേഷണമൊന്നും നടത്താനുള്ള ശ്രമമൊന്നും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.
കള്ളനോട്ടുകളെത്തുന്നത് ഫിഷിംഗ്‌ബോട്ടുകള്‍ മറയാക്കി മാലിദ്വീപ് വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായും വാര്‍ത്തയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് അധികൃതര്‍ ജാഗ്രത പുലര്‍ത്തിയതോടെയാണ് കടല്‍ വഴി കള്ളനോട്ടുകളെത്തിക്കുന്നതെന്നാണ് നിഗമനം. മലയാളികളായ ഏജന്റുമാരാണ് കേരളത്തിലേക്ക് കള്ളനോട്ടുകളെത്തിക്കുന്നതിന്മാലിദ്വീപിലുംശ്രീലങ്കയിലുംഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭ്യമായ സൂചന.
ഇന്ത്യന്‍ കറന്‍സി ഈ രാജ്യങ്ങളില്‍ എത്തിച്ചാല്‍ എത്തിക്കുന്ന സംഖ്യയുടെ നാലിരട്ടി തുകയുടെ കള്ളനോട്ടുകള്‍ ഏജന്റുമാര്‍ നിര്‍ദേശിക്കുന്ന കേരളത്തിലുള്ളവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വന്‍കിട കപ്പലുകള്‍വഴി ആഴക്കടലിലേക്ക് നോട്ടുകളടങ്ങിയ പെട്ടികള്‍ ആദ്യമെത്തിക്കും. ഇടപാടുകാര്‍ക്കുവേണ്ടിയുള്ള ഫിഷിംഗ് ബോട്ടുകളും ഇവിടേക്കെത്തും. ഈ ബോട്ടിലേക്ക് കള്ളനോട്ടുകളടങ്ങിയ പെട്ടി കൈമാറുകയാണ് ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുമെന്ന് ബോധ്യപ്പെട്ടാല്‍ പെട്ടികള്‍ കടലിലേക്കെറിഞ്ഞ് ബോട്ടിലുള്ളവര്‍ രക്ഷപ്പെടുന്ന തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും ബോധ്യമായിട്ടുണ്ട്.
ശ്രീലങ്കയിലേക്ക് വ്യാപകമായി ഇന്ത്യന്‍ കറന്‍സി കടത്തുന്നവര്‍ പകരമായി അവിടെനിന്നും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഇന്ത്യന്‍ കറന്‍സി നല്‍കുമ്പോള്‍ അതിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് കൊണ്ടുവരുന്നത്. അനധികൃതമായ ഈ ഇടപാടുകളെല്ലാം വിവിധ ഏജന്‍സികളുടെ ഒത്താശയോടെയാണ് നടക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചി സ്വദേശികളായ രണ്ടുപേരെ നാലര ലക്ഷത്തിലേറെ രൂപയുടെ ഇന്ത്യന്‍ കറന്‍സി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടുകയുണ്ടായി. വിദേശയാത്രയില്‍ ഒരാള്‍ക്ക് പരമാവധി 7500 ഇന്ത്യന്‍ രൂപവരെ മാത്രമേ നിയമാനുസൃതം കൊണ്ടുപോകാന്‍ കഴിയൂ. ഈ നിയമം അറിയില്ലായിരുന്നുവെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. എന്നാല്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പതിവായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവരാണ് ഇവരെന്ന് വെളിപ്പെടുകയും ചെയ്തു. നോട്ടിരട്ടിപ്പാണ് ഇവരുടെ യാത്രോദ്ദേശ്യമെന്ന് വ്യക്തമായിട്ടുണ്ട്.
ബംഗ്ലാദേശ് വഴിയും കള്ളനോട്ടുകള്‍ വ്യാപകമായി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ദുബായിയില്‍ നിന്നുമാണ് ബംഗ്ലാദേശിലേക്ക് നോട്ടുകളെത്തിക്കുന്നത്. അവിടെനിന്നും ഇത് പശ്ചിമബംഗാളിലെത്തിക്കും. ചില ബംഗ്ലാദേശികള്‍ തന്നെയാണ് പശ്ചിമബംഗാളികളാണെന്ന പേരില്‍ നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തി കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ മുന്‍കൂറായാണ് ഇവരുടെ കൈവശം കൊടുത്തുവിടുന്നത്.
കള്ളനോട്ടിന്റെയും കള്ളക്കടത്തിന്റെയും ഭീകരരുടെയും വിഹാരരംഗമായി ദൈവത്തിന്റെ നാട് മാറുന്നുവെങ്കില്‍ അതെന്തു കൊണ്ട് എന്നന്വേഷിക്കാനും പ്രതിവിധി കണ്ടെത്താനും കാര്യമായ ശ്രമം നടത്തിയേ പറ്റൂ. ഇല്ലെങ്കില്‍ ചെകുത്താന്മാരുടെ സംഹാരതാണ്ഡവമായിരിക്കും മലയാളികള്‍ക്ക് കാണാന്‍ കഴിയുക.
https://www.facebook.com/Malayalivartha
























