കുഞ്ഞാറ്റയ്ക്കും നന്ദുവിനും ഇനി ആശ്രയം മുത്തശ്ശി മാത്രം

മാതാപിതാക്കളുടെ സ്‌നേഹ ലാളനകളേറ്റ് കൊതി തീരും മുമ്പേ രണ്ടു കുരുന്നുകളും തനിച്ചായി. പാങ്ങോട് ഉളിയന്‍കോട് നാലു സെന്റ് കോളനിയില്‍ ബിജു(40) വര്‍ക്കല പാലച്ചിറ ഓവിന്‍കര പണയില്‍ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചിന്നു(28) എന്നിവരുടെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദു എന്ന ബിനീഷും നാലാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാറ്റയെന്ന വിദ്യക്കുമാണ് മാതാപിതാക്കള്‍ നഷ്ടമായത്.
ടാപ്പിംഗ് തൊഴിലും ആഘോഷ നാളുകളിലും മറ്റും ചെണ്ടവാദ്യങ്ങളില്‍ പ്രാവീണ്യമുള്ള ബിജു ഈ വകയില്‍ കിട്ടുന്ന വരുമാനം കൊണ്ടും ചിന്നു കൂലി വേല ചെയ്തുണ്ടാക്കുന്ന തുച്ഛമായ തുക കൊണ്ടും ഏറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പനി ബാധിച്ച് ബിജു മരണമടഞ്ഞിരുന്നു. ആ ദുഖം താങ്ങാനാവാതെ ചിന്നു വിഷമം നെഞ്ചിലൊതുക്കി മക്കളേയും ചേര്‍ത്തു പിടിച്ച് കിടന്നുറങ്ങി. പിതാവിന്റെ വേര്‍പാടില്‍ തേങ്ങിക്കരഞ്ഞു തളര്‍ന്ന് നന്ദുവും കുഞ്ഞാറ്റയും മാതാവ് ചിന്നുവിനൊപ്പം മുറിയില്‍ കിടന്നുറങ്ങി. എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ചിന്നു ബാത്ത് റൂമില്‍ പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങി. ഏറെ സമയം കഴിഞ്ഞും മടങ്ങി വന്നില്ല.
തുടര്‍ന്ന് നോക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ നിന്നും അല്പം മാറി അവിടേയ്ക്ക് നോക്കി ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
അച്ഛന്റെ വേര്‍പാടില്‍ കരഞ്ഞുറങ്ങിയ നന്ദുവും കുഞ്ഞാറ്റയ്ക്കും അമ്മയോടൊപ്പം കിടന്ന ഓര്‍മ്മ മാത്രമേയുള്ളൂ. നേരം പുലരുന്നതിനിടയില്‍ വീട്ടിലെ കൂട്ടക്കരച്ചിലിലും അലമുറയിടലുകളും എന്തെന്നറിയാതെ ഉണര്‍ന്ന ഈ കുരുന്നുകള്‍ കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരമായിരുന്നു.
ആ കുരുന്നുകള്‍ ഇതെങ്ങനെ സഹിക്കും. അച്ഛന്‍ പോയ വേദനമാറുന്നതിനുമുമ്പേ അമ്മയും യാത്രയായി. ആ അമ്മ ഈ കുരുന്നുകളെ ഓര്‍ക്കാത്തതെന്തേ. ഇനി ഈ കുഞ്ഞുങ്ങള്‍ക്ക് അറുപതുകാരിയായ മുത്തശ്ശി ലീല മാത്രമാണ് തുണയായിട്ടുള്ളത്.
https://www.facebook.com/Malayalivartha
























