ഒറ്റമുറിയിലെ ജീവിതത്തില്‍ നിന്ന് അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്ടിലേക്കു കയറിയപ്പോള്‍ ബബിത പറഞ്ഞു...

നെഞ്ചോടു ചേര്‍ത്തുപിടിച്ച ഖുര്‍ആന്‍ ഒരു കയ്യിലും മകള്‍ സൈബയുടെ കൈ മറുകയ്യിലും പിടിച്ചു വീടിന്റെ പടി ചവിട്ടിയപ്പോള്‍ ബബിത വിതുമ്പുന്നുണ്ടായിരുന്നു. വാതിലും വൈദ്യുതിയുമില്ലാത്ത, പലകകളും തുണികളുംകൊണ്ടു മറച്ച ഒറ്റമുറിയിലെ ജീവിതത്തില്‍ നിന്ന് അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്ടിലേക്കു കയറിയപ്പോള്‍ ബബിത പറഞ്ഞു: 'എനിക്കും എന്റെ കുഞ്ഞിനും ഇപ്പോള്‍ എല്ലാവരുമുണ്ടെന്നു തോന്നുന്നു.' കോടതി ഉത്തരവിനെ തുടര്‍ന്നു വീടുവിട്ട് ഇറങ്ങേണ്ടിവന്ന കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിതയും മകള്‍ സൈബയും നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ഒരുക്കിയ വാടകവീട്ടില്‍ താമസം ആരംഭിച്ചു.
ആശുപത്രിയില്‍ നിന്ന് എത്തിയ ബബിതയെ പരിസരവാസികള്‍ ചേര്‍ന്നു വീട്ടിലേക്കു സ്വീകരിച്ചു. സ്ത്രീകള്‍ പലരും നിറകണ്ണുകളോടെയാണ് ഇരുവരെയും സ്വീകരിച്ചത്. ഇവര്‍ താമസിച്ചിരുന്ന പഴയ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണു വാടക വീട്. സ്‌നേഹപൂര്‍വം പരിചരിച്ച നഴ്‌സുമാരോടും വാര്‍ഡിലുണ്ടായിരുന്ന രോഗികളോടും നന്ദിപറഞ്ഞാണു ബബിത കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിന്നു മടങ്ങിയത്.
ജമാഅത്ത് പ്രസിഡന്റ് പി.എം. അബ്ദുല്‍ സലാം, ഷംസുദീന്‍ തോട്ടത്തില്‍, ഷെഫീഖ് താഴത്തുവീട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. ഷെമീര്‍, അബ്ദുല്‍ ഫത്താഹ്, ഒ.എം. ഷാജി, കാഞ്ഞിരപ്പള്ളി എസ്‌ഐ എ.എസ്. അന്‍സില്‍ എന്നിവര്‍ ചേര്‍ന്നാണു ബബിതയെയും സൈബയെയും വാടക വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. ജമാഅത്ത് പ്രസിഡന്റ് വീടിന്റെ താക്കോല്‍ ബബിതയ്ക്കു കൈമാറി.
ആത്മഹത്യയുടെ മുനമ്പില്‍ നിന്നു ജീവിതത്തിലേക്കു തിരികെ വരാന്‍ ഒരുപാടുപേര്‍ കൈത്താങ്ങായി മാറിയെന്നും എല്ലാവരോടും നന്ദി എങ്ങനെ പറയണമെന്ന് അറിയില്ലെന്നും ബബിത പറഞ്ഞു.എസ്‌ഐ എ.എസ്. അന്‍സലിന്റെ നേതൃത്വത്തില്‍ പൊലീസ്, പാത്രങ്ങളും പലവ്യഞ്ജനവും ഉള്‍പ്പെടെ ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി വീട്ടിലെത്തിച്ചു. ബബിതയുടെയും സൈബയുടെയും കദനകഥ അറിഞ്ഞ സെന്‍ട്രല്‍ ജമാഅത്ത് ഉള്‍പ്പെടെ ഒട്ടേറെ സുമനസ്സുകള്‍ ഇവരെ സഹായിക്കാന്‍ സന്നദ്ധരാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























