കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥിരപ്പെടുത്താന്‍ 120 പ്രവൃത്തിദിനം വേണമെന്ന് സുപ്രീംകോടതി

ഓരോ വര്‍ഷവും ചുരുങ്ങിയത് 120 പ്രവൃത്തിദിവസം എന്ന തോതില്‍ 10 വര്‍ഷം സേവനം തികച്ചവരെ മാത്രം കെ.എസ്.ആര്‍.ടി.സി സ്ഥിരപ്പെടുത്തിയാല്‍ മതിയെന്ന് സുപ്രീംകോടതി. 120 പ്രവൃത്തിദിനം ജോലിചെയ്യാതെ 10 വര്‍ഷം തികച്ചവരെയും സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ അന്തിമ വിധി.
120 ദിവസം ജോലി ചെയ്തവരെയും ഒരു മണിക്കൂര്‍പോലും തികച്ച് ജോലി ചെയ്യാത്തവരെയും ഒരുപോലെ കാണണമെന്ന ഹൈക്കോടതി നിലപാട് യുക്തിഹീനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ നിലപാട് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഹൈക്കോടതിവിധി റദ്ദാക്കുകയാണെന്നും ബെഞ്ച് തുടര്‍ന്നു. ജീവനക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും 2008ലുണ്ടാക്കിയ കരാറാണ് ഈ കേസിനാധാരം.
ജീവനക്കാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഈ കരാറില്‍ ചുരുങ്ങിയത് ഓരോ വര്‍ഷവും 120 പ്രവൃത്തിദിവസം എന്ന തോതില്‍ എട്ടുവര്‍ഷത്തെ സേവനം തികച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. 2010ല്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ രണ്ടുവര്‍ഷം കഴിഞ്ഞ സ്ഥിതിക്ക് 2008ല്‍ എട്ടുവര്‍ഷം ഉപാധിയാക്കിവെച്ചത് 10 വര്‍ഷം എന്നാക്കി.
തുടര്‍ന്ന് 2011ല്‍ സ്ഥിരപ്പെടുത്താനായി ഇറക്കിയ ഉത്തരവില്‍ ഓരോ വര്‍ഷവും 120 പ്രവൃത്തിദിവസം എന്ന നിബന്ധന വിട്ടുപോയിരുന്നു. എന്നാല്‍, ഈ ഉത്തരവ് ചൂണ്ടിക്കാട്ടി 120 ദിവസം പ്രവൃത്തിയെടുക്കാത്തവരും നിയമനം ചോദിച്ച് കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് വ്യക്തത വരുത്താമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ ചുരുങ്ങിയത് ഓരോ വര്‍ഷവും 120 പ്രവൃത്തിദിവസം എന്നതോതില്‍ 10 വര്‍ഷം സേവനം തികച്ചവരെ മാത്രമേ നിയമിക്കൂവെന്നും 2011ല്‍ ഇറക്കിയ ഉത്തരവിനുകൂടി ബാധകമാകുന്ന തരത്തില്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും വ്യക്തമാക്കി.
120 പ്രവൃത്തിദിനമെന്നത് ജീവനക്കാരുമായുള്ള കരാറിലുള്ളതാണെന്നും അബദ്ധത്തില്‍ ഉത്തരവില്‍ വിട്ടുപോയതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഹൈക്കോടതി വ്യക്തത വരുത്തിയിറക്കിയ പുതിയ ഉത്തരവ് റദ്ദാക്കുകയും 120 പ്രവൃത്തിദിനങ്ങള്‍ ജോലിചെയ്യാത്ത 10 വര്‍ഷം തികച്ചവരെയും സ്ഥിരപ്പെടുത്തണമെന്ന് വിധിക്കുകയും ചെയ്തു. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച അപ്പീലിലാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്.
https://www.facebook.com/Malayalivartha

























