ക്രോണിന് മേല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസും..എട്ടിന്റെ പോക്‌സോ പണി..!

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ക്രോണിന് മേല്‍ ക്രൈംബ്രാഞ്ച് പോക്സോ ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പാണ് പോക്‌സോ. മിഷേലിന് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ക്രോണിന്‍ ഉപദ്രവിച്ചതിനാണ് പോക്സോ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ പിറകേ നടന്നും ഫോണ്‍വഴിയും ശല്യപ്പെടുത്തി മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് കേസ്.
മിഷേലിന് മേല്‍ ക്രോണിന്റെ ഭാഗത്തു നിന്നും താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമുള്ളതായി സുഹൃത്തുക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കലൂര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മിഷേലിനെ ക്രോണിന്‍ തല്ലിയതായും കൂട്ടുകാരികള്‍ മൊഴി നല്‍കിയിരുന്നു. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന ക്രോണിന്‍ ഫോണ്‍വഴി മിഷേലിനെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ മാത്രം നൂറോളം മെസ്സേജുകള്‍ ക്രോണിന്‍ അയച്ചിട്ടുണ്ട്. ഈ മെസ്സേജുകള്‍ പോലീസിന് ഇതുവരെയും തിരിച്ചടുക്കാന്‍ സാധിച്ചിട്ടില്ല. നിരവധി ഭീഷണി സന്ദേശങ്ങള്‍ ക്രോണിന്‍ മിഷേലിന് അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ബന്ധത്തില്‍ നിന്നും പിന്‍മാറിയാല്‍ കൊന്നു കളയും എന്നതടക്കമുള്ള മെസ്സേജുകള്‍ മിഷേലിന് ക്രോണിന്‍ അയച്ചിട്ടുണ്ടെന്നാണ് സൂചന.
ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇവര്‍ ഒരുമിച്ചു പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്രോണിന്‍ മിഷേലിനെ കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും ഹോസ്റ്റലിന് സമീപത്ത് വെച്ച് മിഷേലിനെ ക്രോണിന്‍ തല്ലിയെന്നുമാണ് മൊഴി.
അതേസമയം മിഷേലുമായി മറ്റേതൊരു ബന്ധത്തിലും എന്നത് പോലെയുള്ള പ്രശ്നങ്ങളേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ക്രോണിന്‍ പറയുന്നത്. മിഷേലിന്റെ ഫോണ്‍ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കായലില്‍ കളഞ്ഞുപോയിട്ടുണ്ടെങ്കില്‍ ഫോണ്‍ തിരിച്ച് കിട്ടുമെന്ന് അന്വേഷണ സംഘത്തിന് പ്രതീക്ഷയുമില്ല.
ക്രോണിന്റെ സമ്മര്‍ദം താങ്ങാനാവാതെ മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതേ നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും. മിഷേല്‍ ആത്മഹത്യ ചെയ്തതാവും എന്ന് സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കലൂര്‍ പള്ളിയില്‍ നിന്നിറങ്ങി മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുനീങ്ങുന്നത് അടക്കമുള്ള 7 സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവ ദിവസം മിഷേലിനെ പോലുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് മുകളില്‍ കണ്ടതായി വൈത്തിര സ്വദേശി അമല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ബൈക്ക് നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നും അമല്‍ പറയുന്നു. അമലിന്റെ മൊഴിയും മിഷേലിന്റേത് ആത്മഹത്യ തന്നെയാണ് എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതേസമയം മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. മാത്രമല്ല ക്രോണിന്‍ മിഷേലിന്റെ ബന്ധുവാണെന്ന പോലീസിന്റെ വാദവും കുടുംബം തള്ളിയിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. എന്തായാലും നിരവധി ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























