കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നീക്കം; ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി ആത്മഹത്യാ ഭീഷണി

നാവായിക്കുളം ഡീസന്റ്മുക്കില്‍ 15 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ എത്തിയ പൊലീസും മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വാങ്ങി. ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരില്‍ നാലുപേര്‍ മണ്ണെണ്ണയൊഴിച്ചും ഒരാള്‍ മരത്തില്‍ കയറിയും ആത്മഹത്യാഭീഷണി മുഴക്കിയത് ഉദ്യോഗസ്ഥരടക്കമുള്ളവരെ മുള്‍മുനയിലാക്കി.
ഒടുവില്‍ വി.ജോയി എംഎല്‍എ, എഎസ്പി ആദിത്യ, മറ്റ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ എന്നിവരുമായി നടത്തിയ സന്ധി സംഭാഷണത്തില്‍ വിശദമായ ചര്‍ച്ചയിലൂടെ സംഭവം പരിഹരിക്കാമെന്ന ധാരണയില്‍ പിന്‍വാങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തി നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ കുടവൂര്‍ വില്ലേജില്‍പ്പെട്ട രണ്ടേക്കര്‍ നാല്‍പത്തി മൂന്ന് സെന്റ് വസ്തുവിലെ താമസക്കാരായ 15 കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് പൊലീസ് സന്നാഹത്തോടെ ജെസിബിയുമായി ആമീന്‍ എത്തിയത്. 
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിക്ക് വിവിധ വകുപ്പുകളുടെ വാഹനം എത്തിയതോടെ നാട്ടുകാര്‍ തടിച്ചുകൂടി. താലൂക്ക്, വില്ലേജ് അധികൃതര്‍ ഒഴിപ്പിക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനിടയ്ക്ക് സമീപ വസ്തു ഉടമകളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു നടപടികള്‍ പലപ്പോഴും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീടുകളിലെ വൈദ്യുതി വേര്‍പെടുത്തിയതോടെ ആത്മഹത്യാശ്രമം അരങ്ങേറാന്‍ തുടങ്ങി. തുടര്‍ന്നായിരുന്നു അനുനയശ്രമം. 2004 ലും 2005 ലും പൊലീസ് സഹായത്തോടെ ആമീന്‍ കുടിയൊഴിപ്പിക്കാനെത്തിയിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വാങ്ങുകയായിരുന്നു. വിശദമായ ചര്‍ച്ചയ്ക്കുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് എഎസ്പി അറിയിച്ചു
https://www.facebook.com/Malayalivartha
























