ദേശീയ, സംസ്ഥാന പാതയോര മദ്യനിരോധനം: സാവകാശം തേടി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടും. ഇതിന്റെ ഭാഗമായി, കോടതിവിധി അംഗീകരിക്കുന്നെന്നും എന്നാല്‍ അതു പൂര്‍ണതോതില്‍ നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ശക്തമായ ജനകീയപ്രതിഷേധം കാരണം മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് സര്‍ക്കാറിന് തലവേദനയായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മദ്യത്തിനെതിരായ ജനരോഷത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്നും അടിച്ചമര്‍ത്തല്‍നയവുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും യോഗം വിലയിരുത്തി. പ്രാദേശികതലത്തില്‍ ഉയരുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ സമവായനീക്കങ്ങള്‍ ശക്തമാക്കും. അതേസമയം, സര്‍വകക്ഷിയോഗം വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമായില്ലെന്നാണ് സൂചന.
ജനത്തെ വെല്ലുവിളിച്ചുള്ള ഒരുനടപടിക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് മന്ത്രി ജി. സുധാകരന്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യപിക്കണമെന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, മദ്യം ലഭിച്ചേതീരൂവെന്ന വാശിയിലാണ് ഒരുവിഭാഗം. അവരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. നല്ല മദ്യം ലഭിച്ചില്ലെങ്കില്‍ അവര്‍ വ്യാജമദ്യത്തിന് പിന്നാലെപോകും. ഇത് വന്‍ദുരന്തങ്ങള്‍ക്കിടയാക്കും.
അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഇന്ന് മദ്യശാലയെ എതിര്‍ക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുപോലും നിലനില്‍പ്പുണ്ടാകില്ലെന്ന് ഓര്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ ബുദ്ധിമുട്ടുള്ളിടങ്ങളില്‍ കുറുക്കുവഴികളിലൂടെ കാര്യംസാധിക്കാന്‍ നീക്കങ്ങള്‍ ശക്തമാണ്. നഗരപരിധിയിലെ റോഡുകളില്‍ ചിലത് ദേശീയ, സംസ്ഥാനപാത വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന.
https://www.facebook.com/Malayalivartha






















