സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് ഉമ്മന്‍ ചാണ്ടി; കോടതി ചെലവായി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള 25,000 രൂപ പിണറായി വിജയന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണമെന്ന് ബിജെപി

ടി.പി. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ, കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്ന ഉത്തരവോടെ തള്ളിയസാഹചര്യത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി.
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും അഭിപ്രായപ്പെട്ടു. കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇന്ന് തന്നെ അദ്ദേഹത്തെ പോലീസ് മേധാവിയായി നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് നേരിട്ട നാണംകെട്ട തിരിച്ചടിയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അതേ സമയം സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ നിരന്തരമേറ്റുവാങ്ങുന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്നായിരുന്നു ബിജെപി യുടെ പ്രതികരണം. കോടതി ചെലവായി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള 25,000 രൂപ പിണറായി വിജയന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഖജനാവിലുള്ളത് ജനങ്ങളുടെ കാശാണ്. അത് മുഖ്യമന്ത്രിക്ക് തോന്നുന്നപോലെ ചെലവാക്കനുള്ളതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























