കാല്‍ലക്ഷം പിഴ മാത്രമാണ് സര്‍; സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന്റെ പിടിവാശിമൂലം ഖജനാവിന് നഷ്ടം പത്ത് ലക്ഷത്തോളം രൂപ

സര്‍ക്കാര്‍ പൊടിക്കുന്നത് ഇവിടുത്തെ സാധാരണക്കാരന്റെ പണം. ആരുണ്ട് ചോദിക്കാന്‍. ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇന്ന് വീണ്ടും സുപ്രീംകോടതി ആഞ്ഞടിച്ചിരിക്കുന്നത്. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. കോടതി ചെലവായി അടയ്ക്കണമെന്ന് പറഞ്ഞ 25,000 രൂപ മാത്രമല്ല, അതിനേക്കാള്‍ വലുതാണ് നഷ്ടമായ മാനവും പൊതുജനപ്പണവും. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രതിപക്ഷമുള്‍പ്പെടെ പക്ഷെ ഫൈനായ ആ കാല്‍ലക്ഷത്തിന്റെ കാര്യം മാത്രമേ പറയുന്നുമുള്ളൂ
ഇരുപത്തിയയ്യായിരത്തില്‍ നില്‍ക്കില്ല ചിലവെന്ന് വ്യക്തം. കാരണം കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി വാദിച്ചതും സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകര്‍ തന്നെയാണ്. സുപ്രീംകോടതി വിധി വന്നയുടന്‍ സെന്‍കുമാറിനെ നിയമിച്ചിരുന്നെങ്കില്‍, അഭിഭാഷകരുടെ ഫീസും പിഴയുമെല്ലാം ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രിയോ പൊലീസോ സ്വന്തം കീശയില്‍ നിന്നല്ലല്ലോ, പൊതുഖജനാവില്‍ നിന്നാണ് ഈ പണമെടുത്ത് കൊടുക്കുന്നതെന്ന് ഓര്‍ക്കണം. ധനനഷ്ടം മാത്രമല്ല ഒപ്പം മാനഹാനിയുമുണ്ട്.
ടിപി സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതിയില്‍ വാദം നടന്നത് 8 മിനുട്ട് മാത്രമാണ്. ടിപി സെന്‍കുമാറിന് വേണ്ടി ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരും, സംസ്ഥാനസര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, സിദ്ധാര്‍ഥ് ലൂത്ര, ജി പ്രകാശ് എന്നിവരും ഹാജരായി. ഇരുപത്തിനാലാം തീയതി ഉത്തരവ് വന്നയുടനെ സെന്‍കുമാറിനെ നിയമിച്ചിരുന്നുവെങ്കില്‍ ഇപ്പൊ 25000 രൂപ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരില്ലായിരുന്നു. ജയ്ദീപ് ഗുപ്തയ്ക്കും, സിദ്ധാര്‍ഥ് ലൂതറയ്ക്കും കൂടി ഫീസിനത്തില്‍ നാല് ലക്ഷത്തിലധികം രൂപ ഫീസായി കൊടുക്കേണ്ടിയും വരില്ലായിരുന്നു. ഇതിന് പുറമേ ഹരീഷ് സാല്‍വേയുടെ നിയമോപദേശവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിരുന്നു. എല്ലാം ചേര്‍ത്ത് അഞ്ച് മുതല്‍ ആറ് ലക്ഷത്തോളം രൂപയാകും ഈ പിടിവാശിയുടെ വില. അടുത്ത ചൊവ്വാഴ്ച ഇവരെല്ലാം വീണ്ടും കേസിന് വരണമെന്നതിനാല്‍, ചുരുക്കത്തില്‍ ചിലവ് പത്ത് ലക്ഷത്തിലധികം രൂപയാകുമെന്നാണ് വിവരം. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നത് ഒരു 13 ദിവസം നീട്ടി കിട്ടാനായി പൊതുഖജനാവിന് നഷ്ടം ഇത്രത്തോളം.
സുപ്രീംകോടതിയില്‍ നടന്ന എട്ട് മിനുട്ട് വാദമിങ്ങനെയായിരുന്നു. സെന്‍കുമാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയായിരുന്നു വാദം തുടങ്ങിയത്.
തങ്ങളുടെ ഉത്തരവില്‍ യാതൊരു വിധത്തിലുമുള്ള വ്യക്തതക്കുറവും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ പറഞ്ഞു. വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. സുപ്രിം കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഈ മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നേരിട്ട് വിളിച്ച് വരുത്തണമെന്ന സെന്‍കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. നോട്ടീസിന് സര്‍ക്കാര്‍ മറുപടി തന്നിട്ട് അക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 24 നാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. നിയമനത്തില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























