എ.ടി.എം മെഷീനുകള്‍ അറുത്തുമാറ്റി ലക്ഷങ്ങള്‍ കൊള്ളയടിച്ച സംഭത്തിന് പിന്നില്‍ ചമ്പല്‍കൊള്ളക്കാര്‍

കഴക്കൂട്ടത്ത് ഉള്‍പ്പെടെ എ.ടി.എം മെഷീനുകള്‍ അറുത്തുമാറ്റി ലക്ഷങ്ങള്‍ കൊള്ളയടിച്ച സംഭത്തിന് പിന്നില്‍ ചമ്പല്‍കൊള്ളക്കാര്‍. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് (34) പൊലീസ് പിടിയിലായി. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ചമ്പല്‍ സംഘത്തിനായി പൊലീസ് ഉത്തരേന്ത്യയിലാകമാനം തെരച്ചില്‍ ഊര്‍ജിതമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയാണെങ്കിലും കാലങ്ങളായി കേരളത്തിന് പുറത്ത് താമസിച്ചുവന്ന സുരേഷിന് കൊള്ളസംഘവുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ ബാങ്കുകളും എ.ടി.എമ്മുകളും കവര്‍ച്ച ചെയ്ത നിരവധികേസുകളിലുള്‍പ്പെട്ട സംഘത്തെ കവര്‍ച്ചയ്ക്കായി കേരളത്തിലേക്ക് കൂട്ടികൊണ്ടുവന്നത് സുരേഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറിയനാട്ടെ എസ്.ബി.ടി എ.ടി.എം മെഷീന്റെ ലോക്കര്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് മാറ്റി നാല് ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യുകയും മാരാരിക്കുളം, കായംകുളം എന്നിവിടങ്ങളില്‍ സമാന രീതിയില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ പിടികൂടിയത്. കഴക്കൂട്ടത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം പൊളിച്ച് പത്തുലക്ഷം രൂപ കവര്‍ന്ന സംഘത്തിലും സുരേഷ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
രണ്ട് ദിവസം മുമ്പ് പൊലീസ് പിടിയിലായ ഇയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതോടെ ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായി പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ സംഘത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കവര്‍ച്ചയ്ക്കായി സെക്യൂരിറ്റി ജീവനക്കാരില്ലാത്തതും വിജനമായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളതുമായ എ.ടി.എമ്മുകള്‍ തിരഞ്ഞെടുത്തതും കവര്‍ച്ചയ്ക്കും അതിനുശേഷം സുരക്ഷിതമായി രക്ഷപ്പെട്ടു പോകുന്നതിനുമുള്ള വഴികള്‍ കവര്‍ച്ചാസംഘത്തിന് നിര്‍ദേശിച്ചതും സുരേഷാണെന്നാണ് വിവരം. കവര്‍ച്ചയ്ക്കായി ഗ്യാസ് കട്ടര്‍ തരപ്പെടുത്തിയതിന് പിന്നിലും കവര്‍ച്ചാ സംഘത്തിന് കേരളത്തില്‍ തമ്പടിക്കാനുള്ള സൗകര്യങ്ങള്‍ തരപ്പെടുത്തിയതിനും പിന്നില്‍ സുരേഷുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കവര്‍ച്ചാ സംഘത്തിലെ കണ്ണികളുമായി സുരേഷ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കവര്‍ച്ചാ സമയങ്ങളില്‍ സുരേഷും ഇവര്‍ക്കൊപ്പം ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുള്ളതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയനാട്ടെ എ.ടി.എം കവര്‍ച്ച കഴിഞ്ഞ് പൊലീസിന് തങ്ങളെപ്പറ്റി സൂചനയൊന്നുമില്ലെന്ന് മനസിലാക്കിയാണ് ദിവസങ്ങള്‍ക്കകം തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇവര്‍ അടുത്ത ഓപ്പറേഷന് പദ്ധതിയിട്ടത്. ഇതനുസരിച്ചാണ് കഴക്കൂട്ടത്തിന് സമീപത്തെ ഒറ്റപ്പെട്ട എസ്.ബി.ഐ എ.ടി.എം കവര്‍ച്ച ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഇതനുസരിച്ച് തലസ്ഥാനത്ത് രണ്ട് ദിവസം തമ്പടിച്ച് എ.ടി.എം കൗണ്ടറും പരിസരവും രാത്രികാലങ്ങളില്‍ നിരീക്ഷിച്ചശേഷമായിരുന്നു കഴക്കൂട്ടത്ത് കൊള്ള നടത്തിയത്.
തലേദിവസം രാത്രി നടന്ന കവര്‍ച്ചയ്ക്ക് ശേഷം അടുത്തദിവസം ഉച്ചയ്ക്ക് പണവുമായി ഇവര്‍ കേരള അതിര്‍ത്തി കടന്ന ശേഷമാണ് പൊലീസ് പോലും അറിഞ്ഞത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുമ്പ് ഉപയോഗിച്ചിരുന്ന പഴയ ആംബുലന്‍സിന്റെ നമ്പരാണ് കവര്‍ച്ചാ സമയത്ത് കാറില്‍ പതിച്ചിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം ഇതേ കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍ നമ്പരിലാണ് അതിര്‍ത്തി കടന്നത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ അതിന് മുമ്പും ഇതേ എ.ടി.എമ്മുകളുടെ പരിസരത്തുണ്ടായിരുന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കിയ പൊലീസ് സൈബര്‍ പൊലീസ് സഹായത്തോടെ ആ ദിവസങ്ങളില്‍ കഴക്കൂട്ടം വഴി കടന്നുപോയ മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങളും ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചു. ഇതില്‍ നിന്ന് കവര്‍ച്ചാ സംഘം ഉപയോഗിച്ച ചിലഫോണ്‍കോളുകള്‍ തിരിച്ചറിഞ്ഞതോടെ പ്രതികളെ പൊലീസിന് വ്യക്തമായി. ഇവരെ സൈബര്‍ സഹായത്തോടെ പൊലീസ് പിന്തുടരുന്നതിനിടെ പന്തികേട് മണത്ത കവര്‍ച്ചാ സംഘം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതാണ് അന്വേഷണസംഘത്തിന് വിനയായത്.
ആലപ്പുഴയിലെ കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘവും കഴക്കൂട്ടം കവര്‍ച്ചയുമായി ബന്ധപ്പെട്ട് സിറ്റി പൊലീസും പ്രതികള്‍ക്ക് പിന്നാലെ കൂടിയതോടെ ഇവര്‍ സുരക്ഷിത താവളങ്ങളില്‍ ഒളിച്ചതായി സൂചനയുണ്ട്. കവര്‍ച്ചാ മുതല്‍ വീതം വച്ചശേഷം വഴിപിരിഞ്ഞ ഇവരെ കണ്ടെത്താന്‍ ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് സൂചന. പിടിയിലായ സുരേഷിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. എ.ടി.എം മെഷീനുകളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള വര്‍ കവര്‍ച്ചാ സംഘത്തിലുണ്ട്. എ.ടി.എം മെഷീനില്‍ നോട്ടുകള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുന്ന അറകള്‍ തുറക്കാന്‍ പാകത്തിലാണ് മെഷീന്റെ പുറത്തെ ലോഹച്ചട്ട മുറിച്ച് നീക്കിയത്.
പരിചയസമ്പന്നരായവര്‍ക്ക് മാത്രമേ ഗ്യാസ് കട്ടറുപയോഗിച്ച് കൃത്യമായി ലോഹഭാഗങ്ങള്‍ ഇത്തരത്തില്‍ മുറിച്ച് മാറ്റാനാകൂ. ഗ്യാസ് കട്ടര്‍ പ്രവര്‍ത്തിക്കുമ്പോഴുളള തീയില്‍ കറന്‍സികളൊന്നും കത്തിചാമ്പലാകാത്ത വിധത്തില്‍ സൂക്ഷ്മതയോടെയാണ് കവര്‍ച്ചാ സംഘം ഓപ്പറേഷന്‍ നടത്തിയത്. എ.ടി.എം കവര്‍ച്ചയില്‍ പൂര്‍വ്വ പരിചയമുള്ള പ്രൊഫഷണല്‍ സംഘമാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.
https://www.facebook.com/Malayalivartha


























