മുഖ്യമന്ത്രി കാണാനെത്തി; ശശിലതയുടെ ആഗ്രഹം സഫലമായി

നാണിയുടെയും പരേതനായ കമാരന്റെയും മകള്‍ ശശിലത(45) ജന്മനാ രണ്ടു കൈകളും ഇല്ലാതെയും ഇരുകാലുകളും പൂര്‍ണ വളര്‍ച്ച എത്താതെയുമാണു ജനിച്ചത്. ജന്മനാ അംഗപരിമിതയായ പടന്നക്കരയിലെ പരേനന്‍ പറമ്പത്ത് ശശിലതയുടെ വലിയ ആഗ്രഹമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വീട്ടിലെത്തി കാണണമെന്ന്. ആ ആഗ്രഹം സഫലമാക്കി കൊടുത്തിരിക്കുകയാണ് നമ്മുടെ മുഖ്യന്‍.
അംഗപരിമിതയായതിനാല്‍ കുടുംബത്തില്‍ മറ്റ് അംഗങ്ങളുടെ സഹായത്തിലാണു ശശിലത കഴിയുന്നത്. അതിനാല്‍ സര്‍ക്കാരില്‍നിന്നു സഹായമെന്തെങ്കിലും മുഖ്യമന്ത്രി ചെയ്തുതരുമെന്നു ശശിലത പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം നേരില്‍ പറയുന്നതിനാണു മുഖ്യമന്ത്രി തന്റെ വീട്ടില്‍ വരണമെന്നു ശശിലത ആഗ്രഹിച്ചത്. പടന്നക്കരയിലെ സിപിഐ (എം) ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം കെ.ടി.വാസുവിനോടു ശശിലത ഇക്കാര്യം അറിയിച്ചിരുന്നു. വാസു മുഖ്യമന്ത്രിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇന്നലെ ശശിലതയെ നേരില്‍ കാണാന്‍ മുഖ്യമന്ത്രി എത്തുകയുമായിരുന്നു.
തന്റെ ആഗ്രഹം മുഖ്യമന്ത്രിയോട് നേരില്‍ പറയുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി ശശിലതയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ബന്ധപ്പെട്ട കടലാസുകളും വിവരങ്ങളും തയാറാക്കി തനിക്കു കൈമാറാന്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകന്‍ പി.കെ.ബാബുവിനെ ചുമതലപ്പെടുത്തിയിട്ടാണ് മുഖ്യമന്ത്രി അവിടുന്ന് തിരിച്ചത്.
https://www.facebook.com/Malayalivartha


























