പാനമ കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ ക്യാപ്റ്റനുള്‍പ്പടെ മൂന്നു പേര്‍ കസ്റ്റഡിയില്‍, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് കപ്പലുടമ

കൊച്ചിയില്‍ പാനമ കപ്പല്‍ ബോട്ടില്‍ ഇടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനഃപൂര്‍വമുള്ള നരഹത്യക്കു കോസ്റ്റല്‍ പൊലീസ് കേസെടുത്തിരുന്നു. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണീസ്, സെക്കന്‍ഡ് ഓഫിസര്‍ അത്തനേഷ്യസ്, സീമാന്‍ മ്യാന്‍മര്‍ എന്നിവരെയാണ് കൊച്ചി കോസ്റ്റല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, സംഭവത്തില്‍ മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് കപ്പലുടമ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോഴാണ് കപ്പല്‍ ഉടമസ്ഥന്‍ നിലപാട് അറിയിച്ചത്. കേസ് ജൂലൈ 10ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ജൂണ്‍ 10നാണ് 'ആംബര്‍ എല്‍' എന്ന പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പല്‍ കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ ഇടിച്ച് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha

























