ജെ.ഡി.യു എല്‍.ഡി.എഫിലേക്ക്; അനുനയ നീക്കവുമായി കോണ്‍ഗ്രസ്

എം.പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) യു.ഡി.എഫ് വിടുന്നതായി സൂചന. എല്‍.ഡി.എഫിലേക്ക് ചേക്കേറാനാണ് ജെ.ഡി.യുവിന്റെ നീക്കം. യു.ഡി.എഫില്‍ വന്നശേഷം പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അതിനാല്‍ എത്രയും വേഗം മുന്നണി വിടണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷം അംഗങ്ങള്‍ക്കും. എന്നാല്‍ ഇതിനോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാര്‍ ഇതുവരെ പരസ്യ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
അതേസമയം, ജെ.ഡി.യുവിനെ അനുനയിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങി. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് എന്നും മുന്നോട്ടുപോയതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
എന്നാല്‍ മുന്നണിയില്‍ എത്തിയതുമുതല്‍ കോണ്‍ഗ്രസിന്റെ സമീപനം പാര്‍ട്ടിയോടുള്ള അവഗണനയാണെന്ന് ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരീസ് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. ജെ.ഡി.യുവിന്റെ പരാതികള്‍ യു.ഡി.എഫ് പരിഗണിക്കുന്നില്ല. യു.ഡി.എഫ് മുന്നണിയില്‍ വന്നശേഷം ഒട്ടനവധി നഷ്ടങ്ങള്‍ പാര്‍ട്ടിക്ക് സഹിക്കേണ്ടിവരുന്നു. എല്‍.ഡി.എഫ് മുന്നണി വിടാന്‍ ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ഗീയ ഫാസിസത്തിനെതിരെ എല്‍.ഡി.എഫും സോഷ്യലിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന 2019ന് മുന്‍പ് വലിയ രാഷ്ട്രീയ മാറ്റം കേരളത്തിലും രാജ്യത്തെമ്പാടുമുണ്ടാകുമെന്നും ഷെയ്ഖ് പി. ഹാരീസ് അറിയിച്ചു.
യു.ഡി.എഫില്‍ വന്നശേഷം നഷ്ടങ്ങള്‍ മാത്രമാണെന്ന് വൈസ് പ്രസിഡന്റ് ചാരുപാറ രവിയും പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫിലേക്ക് പോകുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതിനിടെ, അനുരഞ്ജന നീക്കവുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. ജെ.ഡി.യുവിന്റെ പരാതി ഗൗരവത്തോടെ പരിഗണിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ് മുന്നണി രൂപീകരിച്ച നാള്‍ മുതല്‍ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അറിഞ്ഞ് സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഒന്നുങ്കില്‍ മുന്നണിയില്‍ അല്ലെങ്കില്‍ ഉഭയകക്ഷി യോഗത്തില്‍ ഉന്നയിക്കാം. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഏത് പാര്‍ട്ടിക്ക് എന്തു പ്രശ്നം വന്നാലും ഈ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് അത് പരിഹരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇക്കാര്യത്തില്‍ എന്തെങ്കിലും പറയേണ്ടത് വീരേന്ദ്രകുമാറാണെന്ന് പി.പി തങ്കച്ചന്‍ പ്രതികരിച്ചു. അവരുടെ ആവശ്യങ്ങള്‍ രാജ്യസഭാ സീറ്റ് അടക്കം ചെയ്യാവുന്നത് പരമാവധി ചെയ്തു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വി മൊത്തത്തിലുള്ളതാണെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വീരേന്ദ്രകുമാറിനെ വസതിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇരുവരും നടത്തിയ ചര്‍ച്ചയില്‍ മുന്നണി മാറ്റത്തിനുള്ള നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























