ബസ് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച തമിഴ് യുവതികള്‍ പിടിയില്‍

ബസ് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച കേസില്‍ തമിഴ് യുവതികളായ അഭിരാമി, ദിവ്യ എന്നിവര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍, തൃശൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇരിങ്ങാലക്കുട ചന്തക്കുന്ന് എത്തിയപ്പോഴാണു യുവതിയുടെ ബാഗിന്റെ സിബ് തുറന്നു പഴ്‌സ് എടുക്കുന്നതു കണ്ടു മറ്റൊരു യാത്രക്കാരി ബഹളം വച്ചത്. തുടര്‍ന്നു ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടിയ മോഷ്ടാക്കളെ യാത്രക്കാരിയായ അന്‍സിയ പിന്‍തുടര്‍ന്നു പിടിക്കുകയും യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു ചന്തക്കുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ മുരളിയുടെ സഹായത്തോടെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ അഭിരാമി, ദിവ്യ എന്നിവര്‍ മുപ്പതിലേറെ മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി. മാന്യമായ വേഷം ധരിച്ച് തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരുടെ പണവും ആഭരണങ്ങളും കൈക്കലാക്കി അടുത്തയാള്‍ക്കു കൈമാറുകയും തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം വേഷം മാറി സ്ഥലം വിടുകയാണ് ഇവരുടെ പതിവ്.
ഇത്തരത്തിലുള്ള 23 സംഘങ്ങള്‍ ഓണം പ്രമാണിച്ചു കേരളത്തില്‍ എത്തിയിട്ടുണ്ടെന്നു പ്രതികള്‍ വെളിപ്പെടുത്തി. പ്രതികളെ ഇരിങ്ങാലക്കുട കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























