ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമാകുമോ ?

തീരഗ്രാമങ്ങളുടെ ഉയിര് പിളര്‍ത്തിയ ഒാഖി ദുരന്തത്തിന് ഇന്ന് ഒരു മാസം. മഴമാറി മാനം തെളിഞ്ഞെങ്കിലും ഇവരുടെ മനസ്സുകളിലും ആധിയുടെ കറുപ്പ് തളം കെട്ടിനില്‍ക്കുകയാണ്. മുന്നറിയിപ്പ് തര്‍ക്കങ്ങളും കണക്കുകളിലെ അവ്യക്തതകളും വീണ്ടും ചര്‍ച്ച ആകുമ്പോഴും അനിശ്ചിതത്വത്തിെന്റ ജീവിതക്കടലില്‍ പകച്ചുനില്‍ക്കുകയാണ് തീര ജീവിതങ്ങള്‍. നവംബര്‍ 30ന് രാവിലെ 8.30നും ഉച്ചക്ക് 12നും ഇടയിലാണ് കേരള തീരത്ത് ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. അതേസമയം, 29ന് വൈകീട്ട് തന്നെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു.
ഇതോടെയാണ് തീരത്ത് നിലവിളികളുയര്ന്നത്. വ്യോമസേനയുടെ നാല് ചെറുവിമാനങ്ങളും നാവികസേനയുടെ അഞ്ച് കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാര്ഡിെന്റ രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനം ഉൗര്ജിതമാക്കിയെങ്കിലും ഏകോപനമില്ലായിമ ആദ്യഘട്ടത്തില്‍ തന്നെ പ്രകടമായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കിയില്ലെന്നോ അല്ലെങ്കില്‍ ലഭിച്ച സൂചനകള്‍ കേരളം അവഗണിച്ചെന്നോ രണ്ടാലൊന്ന് തീര്‍പ്പിലെത്തിയാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്നതിെന്റ സാക്ഷ്യമാണ്.
ഒരുമാസം പിന്നിടുമ്പോൾ പോലും കണക്കുകളില്‍ വരെ അവസാനിക്കാത്ത അനിശ്ചിതത്വവും തീരത്തെ കണ്ണീരും. രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യഘട്ടത്തിലെ അറച്ചുനില്ക്കലിന് തീരവാസികളുടെ ചൂടും വിലാപം കലര്‍ന്ന രോഷവും പ്രതിഷേധവുമെല്ലാം ഇതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരിട്ട് അനുഭവിക്കേണ്ടി വന്നു.
ചുഴലിക്കാറ്റുകളെ നിയന്ത്രിക്കുക സാധ്യമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പിന്നെ ആകെയുണ്ടായിരുന്ന സുരക്ഷാമാര്ഗമായ മുന്‍കരുതലിലും മുന്നൊരുക്കത്തിലിലും ഒന്നാകെ പാളുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റുകളും കേരളത്തില്‍ ഭീതിവിതച്ച് ഒടുവില്‍ മഴയായി പെയ്തുമാറുമെങ്കിലും സംഹാരരൂപമാര്ജിക്കുന്നത് കാണാനായില്ല. അതേസമയം, സര്‍ക്കാര്‍ ധനസഹായം നല്‍കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ദുരിതബാധിത മേഖല സന്ദര്‍ശിക്കുകയും ചെയ്തതടക്കം അനുകൂല നടപടികളും ഉണ്ടായി. 20 മുതല്‍ 40 ദിവസം വരെ മത്സ്യബന്ധനത്തിന് വലിയ ബോട്ടുകളില്‍ ആഴക്കടലില്‍ പോകുന്നവര്‍ ക്രിസ്മസിന് മുമ്പ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. ക്രിസ്മസ് കഴിഞ്ഞിട്ടും അധികമാരും മടങ്ങിയെത്തിയിട്ടില്ല എന്നതും തീരത്തെ വീണ്ടും ആശങ്കയിലാക്കുന്നു.
ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. മടങ്ങി വരാനുള്ളവരുടെ കാര്യത്തിൽ ഓരോ ദിവസവും പ്രതീക്ഷയും കുറയുകയാണ്, സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണ് തീരദേശം. ലത്തീൻ രൂപതയും റവന്യു വകുപ്പും ഫിഷറീസ് വകുപ്പും വ്യത്യസ്ത കണക്കുകളാണു നിരത്തുന്നതെങ്കിലും സംഖ്യ മുന്നൂറോളമാകുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്; 171 പേർ.
സഭയ്ക്കു കീഴിലെ ദേവാലയങ്ങൾ വഴി നേരിട്ട് ശേഖരിച്ച ലത്തീൻ രൂപതയുടെ കണക്കാണ് യാഥാർഥ്യവുമായി ഏറ്റവും ചേർന്നു നിൽക്കുന്നത്. മരിച്ചവരും തിരിച്ചെത്താനുള്ളവരുമായി 317 പേരുടെ പട്ടിക സഭയുടെ പക്കലുണ്ട്. റവന്യു വകുപ്പ് 208 പേരുടെ കണക്കും ഫിഷറീസ് വകുപ്പ് 143 പേരുടെ പട്ടികയും തയാറാക്കി. കാണാതായ ഓരോരുത്തരുടെയും പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുമ്പോഴാണു മരണസംഖ്യ ഒൗദ്യോഗികമായി നിർണയിക്കപ്പെടുക.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് 404കോടി രൂപയുടെ അടിയന്തരസഹായം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്ന് നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























