ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മുത്തലാഖ് ബില്ലെന്ന് ഹസന്‍

ലോകസഭയില്‍ മുത്തലാഖ് ബില്ലിനെ അനുകൂലിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പാര്‍ട്ടി ബില്ലിനെ അംഗീകരിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായി താന്‍ എതിരാണെന്ന് ഹസന്‍ മലപ്പുറത്ത് പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മുത്തലാഖ് ബില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കവെ ഹസന്‍ പറഞ്ഞു. മുത്തലാഖ് നിരോധനത്തെ പിന്തുണച്ച കോണ്‍ഗ്രസ് മൂന്ന് വര്‍ഷം ഭര്‍ത്താക്കന്‍മാര്‍ക്ക് ശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.
ബില്ലിന്റെ ഉദ്ദേശശുദ്ദി നല്ലതാണെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നും അതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും സി.പി.എമ്മും കോണ്‍ഗ്രസും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. അണ്ണാ ഡി.എം.കെയും ബി.ജെ.ഡിയും സമാജ് വാദി പാര്‍ട്ടിയും ബില്ലിനെ എതിര്‍ത്തിരുന്നു. ബില്ലിനെ എതിര്‍ത്ത മുസ്്‌ലിംലീഗ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വാക്കൗട്ട് നടത്തി. ബില്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബില്‍ പാസാക്കണം അതിന് ശേഷം രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്‍ നിയമമാകും.
https://www.facebook.com/Malayalivartha


























