മെഡിക്കല്‍ കോളേജുകളെ ലോകോത്തരമാക്കും: ആരോഗ്യ വകുപ്പ് മന്ത്രി

കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ ലോകോത്തര നിലവാരിത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി മികച്ച പശ്ചാത്തല സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മത്സര ബുദ്ധിയും ഉണ്ടായിരിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ 13-ാമത് വാര്‍ഷിക സമ്മേളനവും 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ലെക്ചര്‍ ഹാളുകളുടെ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി.
ചരിത്ര പശ്ചാത്തലമുള്ളവയാണ് നേരത്തെയുള്ള അഞ്ച് മെഡിക്കല്‍ കോളേജുകള്‍. ഇവയെല്ലാം തന്നെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ടെങ്കിലും അവയെല്ലാം ലോകത്തിന് മുമ്പില്‍ വരാത്തതെന്തെന്ന് ചിന്തിക്കണം. മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തിയാണ് എല്ലാ മെഡിക്കല്‍ കോളേജുകളും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 25 ശതമാനം മാറ്റി വയ്ക്കുമ്പോള്‍ നമ്മുടെ രാജ്യം മാറ്റിവയ്ക്കുന്നത് ജി.ഡി.പി.യുടെ വെറും 2 ശതമാനത്തിനും താഴെയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടത്തെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും ആശുപത്രികള്‍ ശക്തമാണെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെപ്പറ്റി ചെറുകിട ആശുപത്രിക്ക് ആശങ്ക വേണ്ട. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മിനിമം സ്റ്റാന്‍ഡേര്‍ഡ് ആവശ്യമാണെന്നതാണ് പ്രധാനം.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പല കാര്യങ്ങള്‍ക്കും മുമ്പിലാണ്. അതുപോലെയാണ് മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ മെഡിക്കല്‍ കോളേജിനായി ചെയ്യുന്ന സേവനങ്ങള്‍. ഇത് മറ്റ് മെഡിക്കല്‍ കോളേജുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന്‍, ട്രഷറര്‍ ഡോ. എസ്. വാസുദേവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, 64-ാമത് ബാച്ചിന്റെ പ്രസിഡന്റ് ഡോ. കെ.എസ്.എം. ഷരീഫ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
1964 ബാച്ചിന്റെ സഹകരണത്തോടെയാണ് ബയോകെമിസ്ട്രി ലക്ചര്‍ ഹാള്‍ നവീകരിച്ചത്. മെഡിക്കല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ബാംഗ്ലൂര്‍ സാമി ലാബ്‌സ് എം.ഡി.യുമായ ഡോ. മുഹമ്മദ് മജീദിന്റെ സഹകരണത്തോടെയാണ് ഫിസിയോളജി ലെക്ചര്‍ഹാള്‍ നവീകരിച്ചത്. അപകടവും അത്യാഹിതവും സംഭവിച്ചാല്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍തുടരുന്ന മാര്‍ഗങ്ങളെപ്പറ്റി അമേരിക്കയിലെ അറോറ മെഡിക്കല്‍ സെന്ററിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കൃഷ്ണ ആര്‍. പ്രസാദ് പ്രഭാഷണം നടത്തി.
https://www.facebook.com/Malayalivartha