കേരളത്തിലെ കുത്തക മാധ്യമങ്ങൾക്ക് ഇത് മുഖ്യ വാർത്തയല്ല... ഒരു കുരുന്നടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ ടോറസ് ഡ്രൈവർ

അവർ പ്രമുഖരായിരുന്നില്ല. മൂന്നുപേരായിരുന്നില്ലേ? അവരെക്കുറിച്ചുള്ള വാർത്ത വിവാദമുണ്ടാക്കില്ല, രാഷ്ട്രീയ കോലാഹലങ്ങളുണ്ടാക്കില്ല. എസ്‌ക്ലൂസിസ് ബിസിനസ്സിനു പറ്റിയ വിൽപ്പന ചരക്കുമല്ല.
കേരളത്തിലെ കുത്തക പത്രങ്ങൾക്ക് പ്രാദേശിക, ചരമകോള വർത്തമാത്രം. അപകടത്തിന്റെ വീഡിയോ കണ്ടവർക്ക് ചങ്ക് തകർന്നു നിൽക്കാനേ കഴിയൂ. റോഡിന്റെ ഇടത്തെ വശത്ത്കൂടി വളരെ സൂക്ഷിച്ച് ബൈക്കോടിച്ച് പോകുന്ന ചെറുപ്പക്കാരനും, അമ്മയും അയാളുടെ ആറ് വയസുള്ള കുട്ടിയും.
അമിത വേഗതയിൽ വന്ന ടോറസ് ബൈക്കിനെ ഇടിച്ച് വീഴ്ത്തി മൂന്നുപേരുടെ ദേഹങ്ങൾക്ക് പുറത്ത് കൂടി പാഞ്ഞ് പോകുന്നു. ഈ മരണം പ്രാധാന്യമുള്ള വാർത്തയല്ലേ? മുൻപേജ് വാർത്തയാക്കി ഇത്തരം ദുരന്തങ്ങൾക്ക് അറുതി വരുത്താൻ, ഒരു നാടിന്റെ നൊമ്പരം മലയാളികളെ അർഹിക്കുന്ന പ്രാധാന്യത്തോടെ അറിയിക്കാൻ ഉത്തരവാദിത്വമില്ല? മംഗളവും കേരള കൗമുദിയും മുൻപേജ് വാർത്തയാക്കിയതിൽ അഭിനന്ദനാർഹം.
ഇന്നലെ രാവിലെ ഏഴരയോടെ കെ.പി റോഡിൽ കുറ്റിത്തെരുവ് സിഗ്നൽ ലൈറ്റിന് കിഴക്കായിരുന്നു അപകടം. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ കളർകോട് വാടകവീട്ടിൽ താമസിക്കുന്ന അവലൂക്കുന്ന് കാളാത്ത് വാർഡ് വള്ളിക്കാട്ട് പറമ്പിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ വി.എസ്. രാജമ്മ (60), മകൻ രാജീവ് (32), രാജീവിന്റെ മകനും കളർകോട് ഗവ. എൽ.പി സ്കൂൾ ഒന്നാം ക്ളാസ് വിദ്യാർത്ഥിയുമായ അച്ചു എന്ന മിഥുൻ (7) എന്നിവരാണ് മരിച്ചത്. രാജമ്മയും മിഥുനും തത്ക്ഷണം മരിച്ചു. പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാജീവ് വൈകിട്ട് മൂന്നോടെയാണ് മരിച്ചത്. രാജീവാണ് ബൈക്ക് ഓടിച്ചിരുന്നത്.
അടൂരിൽ താമസിക്കുന്ന മകൾ രശ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു രാജമ്മയും രാജീവും മിഥുനും. കുറ്റിത്തെരുവ് ജംഗ്ഷന് കിഴക്കുവശം വച്ച് സ്വകാര്യ ബസിനെ മറികടക്കാൻ അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ബൈക്കിന്റെ പിറകിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ മൂവരുടെയും മുകളിലൂടെ ലോറി കയറിയിറങ്ങി.
രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ജനം അപകടദൃശ്യം കണ്ട് മരവിച്ചു നിന്നു പോയി. റോഡിൽ വീണവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങുന്നത് ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ലെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആലപ്പുഴ കളർകോട് മണ്ണ് പരിശോധന കേന്ദ്രത്തിലെ ജീവനക്കാരിയാണ് രാജമ്മ. രാജീവ് അടുത്തിടെ വിവാഹ ബന്ധം വേർപെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. രാജമ്മയുടെയും മിഥുന്റെയും മൃതദേഹങ്ങൾ കായംകുളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജമ്മയുടെ മൃതദേഹം കളർകോട് കൃഷിഭവനിലും മിഥുന്റെ മൃതദേഹം കളർകോട് എൽ.പി സ്കൂളിലും പൊതുദർശനത്തിനു വച്ചശേഷം മോർച്ചറിയിലേക്ക് മാറ്റി. മൂന്നു പേരുടെയും സംസ്കാരം നാളെ കാളാത്ത് വീട്ടുവളപ്പിൽ നടക്കും.

https://www.facebook.com/Malayalivartha


























