അതീവസുരക്ഷയുള്ള നിയമസഭയില്‍ എട്ട് ലക്ഷം വിലവിരുന്ന സാധനങ്ങള്‍ കവര്‍ന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നു

നിയമസഭയില്‍ നിന്നും എം.എല്‍.എ ഹോസ്റ്റലില്‍നിന്നും അഗ്നിസുരക്ഷാ ഉപകരണങ്ങള്‍, വിജാഗിരികള്‍, ഓടാമ്പലുകള്‍ എന്നിവ മോഷണം പോയ സംഭവത്തില്‍ ആറ് മാസത്തിന് ശേഷവും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. സദാസമയവും പൊലീസ് സുരക്ഷയുള്ള നിയമസഭാ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഗ്നിസുരക്ഷാ ഉപകരണങ്ങളും വാതിലുകളുടെ ഓടാമ്പലുകളും വിജാഗിരിയും മോഷണം പോയത്. എട്ടു ലക്ഷം രൂപയുടെ സാധനങ്ങളാണു നഷ്ടപ്പെട്ടത്. ആദ്യം പൂഴ്ത്താന്‍ ശ്രമിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അന്വേഷണത്തിനു തീരുമാനിച്ചത്. നിയമസഭയിലെ ചീഫ് മാര്‍ഷലിനോട് നഷ്ടപ്പെട്ടവയുടെ കണക്കെടുത്തു സമര്‍പ്പിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിലാണ് അന്വേഷണം എങ്ങും എത്താത്തത്.
മോഷണം കണ്ടെത്താന്‍ കഴിഞ്ഞ മാസം മഫ്തിയില്‍ എത്തിയ ഷാഡോ പൊലീസിനെ സഭാവളപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. സഭയില്‍ ഡ്യൂട്ടിയിലുള്ള വാച്ച് ആന്‍ഡ് വാര്‍ഡിനെ നിരീക്ഷിക്കാനായി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉദ്യോഗസ്ഥനെയും താക്കീതു ചെയ്തു പറഞ്ഞയച്ചു. കേസില്‍ അന്വേഷണം വേണ്ടെന്നും അന്വേഷണവുമായി മുന്നോട്ടു പോയാല്‍ വേണ്ടപ്പെട്ട ചിലര്‍ പിടിയിലാകുമെന്നുമാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്നാണ് പൊലീസുകാര്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്ക്, നെയ്യാര്‍ ബ്ലോക്ക് എന്നിവയ്ക്കുള്ളിലും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന അഗ്നി സുരക്ഷാ ഉപകരണങ്ങിലെ 40 വാല്‍വുകള്‍ നഷ്ടപ്പെട്ടിരുന്നു.
കണ്ണാടിക്കൂട് തകര്‍ത്താണ് പെട്ടിക്കുള്ളില്‍ നിന്ന് പിച്ചളയില്‍ തീര്‍ത്ത വാല്‍വും കപ്ലിങ്ങും കവര്‍ന്നത്. ഓരോ വാല്‍വിനും അഞ്ചു കിലോയോളം തൂക്കമുണ്ട്. ഇതിന് പുറമെ നിയമസഭാ മന്ദിരത്തിനുള്ളിലെ ശുചിമുറികളുടെ കൊളുത്തും ഓടാമ്പലും വിജാഗിരിയും ഇളക്കിയെടുത്തതായും കണ്ടെത്തിയിരുന്നു. വാതില്‍ ഇളകി വീഴാത്ത തരത്തില്‍ രണ്ടു വിജാഗിരി വീതം ബാക്കി വച്ച് മറ്റുള്ളവ ഇളക്കിയെടുക്കുകയായിരുന്നു.
കോടിക്കണക്കിനു രൂപയുടെ തേക്കിന്‍ തടി ഉപയോഗിച്ചു മോടിപിടിപ്പിച്ചിട്ടുള്ള നിയമസഭാ മന്ദിരത്തില്‍ വാതില്‍പ്പിടിയും കൊളുത്തും വിജാഗിരിയും ഓടാമ്പലും ഒക്കെ ചെമ്പില്‍ തീര്‍ത്തവയാണ്. അതിനാല്‍ ഇളക്കിയെടുത്ത് വിറ്റാല്‍ വിപണിയില്‍ നല്ല വില കിട്ടുകയും ചെയ്യും. സമ്മേളനം ചേരുമ്പോഴും അല്ലാത്തപ്പോഴും സഭാ മന്ദിരത്തിലും ഹോസ്റ്റലിലും 24 മണിക്കൂര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് സന്നാഹവുമുണ്ട്.
എംഎല്‍എമാര്‍ക്കും ജീവനക്കാര്‍ക്കും സ്ഥിരം പാസ് ലഭിച്ചിട്ടുള്ളവര്‍ക്കും അല്ലാതെ മറ്റാര്‍ക്കും സഭയ്ക്കുള്ളില്‍ പ്രത്യേക അനുമതി വാങ്ങാതെ കയറിച്ചെല്ലാനാകില്ല. പ്രവേശിക്കുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നും നിരീക്ഷിക്കാറുണ്ട്. ഇത്രയേറെ സുരക്ഷയൊരുക്കിയിട്ടും മോഷണം നടന്നതും അതേക്കുറിച്ചുള്ള അന്വേഷണം ഒതുക്കിത്തീര്‍ക്കുന്നതും ചില വേണ്ടപ്പെട്ടവരെ രക്ഷിക്കാനാണെന്നാണു സൂചന.
https://www.facebook.com/Malayalivartha


























