ഷുഹൈബ് വധം; കോണ്‍ഗ്രസിന് ബി.ജെ.പി നിയന്ത്രിക്കുന്ന, ആര്‍.എസ്.എസിന് സ്വാധീനിക്കാവുന്ന സി.ബി.ഐയിലാണ് വിശ്വാസമെന്ന് കോടിയേരി

ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ പ്രതികള്‍ സി.പി.എമ്മുകാരാണെന്നും എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നില്ല. സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ ഭയപ്പെടുത്താന്‍ നോക്കണ്ട. കോടതി വിധി പരിശോധിച്ച് നടപടി സ്വീകരിക്കണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.
സര്‍ക്കാരിനെതിരെ ചില പരാമര്‍ശങ്ങള്‍ ഉള്ളതായി കണ്ടു. അത് തിരുത്താന്‍ ഉപരി കോടതിയെ സമീപിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. സി.ബി.ഐ അന്വേഷണം യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. അല്ലാതെ സി.പി.എമ്മിനെ വേട്ടയാടാനാണെങ്കില്‍ എതിര്‍ക്കും, രാഷ്്ട്രീയമായും നിയമപരമായും നേരിടുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകാരെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തൃപുരയില്‍ ഗര്‍ഭിണിയടക്കം രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി. 250ലധികം പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്ക് പറ്റി. അതില്‍ നിന്നൊക്കെ ജനശ്രദ്ധതിരിച്ചുവിടാനാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. അത് ഇവിടെ ചിലര്‍ ആഘോഷമാക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഷുഹൈബ് വധത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് മട്ടന്നൂരിലെ കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞതാണ്. ഗൂഢാലോചനയും പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷിക്കട്ടെ എന്ന നിലപാട് കോടതി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും ജഡ്ജ്‌മെന്റ് പരിശോധിച്ചാലേ അത് വ്യക്തമാകൂ എന്നും കോടിയേരി പ്രതികരിച്ചു.
കോണ്‍ഗ്രസിനിപ്പോള്‍ ബി.ജെ.പി നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന് സ്വാധീനിക്കാന്‍ കഴിയുന്ന സി.ബി.ഐയുടെ അന്വേഷണത്തിലാണ് വിശ്വാസമെന്നും കോടിയേരി പരിസഹിച്ചു. ആര് അന്വേഷിച്ചാലും എതിര്‍പ്പില്ല. സര്‍ക്കാര്‍ ആദ്യം എടുത്ത സമീപനവും അതായിരുന്നു. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം. ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ഷുഹൈബ് കേസിലെ വഴിത്തിരിവെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























