ഹൈക്കോടതിക്ക് അതിന്റെതായ നിലപാടുകൾ ഉണ്ടാകും; ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥപ്രതികളെയാണ് പൊലീസ് പിടിച്ചിരിക്കുന്നത്; ബാഹ്യശക്തികൾക്ക് വഴങ്ങേണ്ട സ്ഥിതി പൊലീസിനില്ലെന്നും മുഖ്യമന്ത്രി

ശുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഹൈക്കോടതിക്ക് അതിന്റെതായ നിലപാടുകൾ ഉണ്ടാകും. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കൃത്യമായ വഴിക്ക് തന്നെയാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശുഹൈബ് വധക്കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളാണെന്ന് സാക്ഷികള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ബാഹ്യശക്തികൾക്ക് വഴങ്ങേണ്ട സ്ഥിതി പൊലീസിനില്ല. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഇന്ന് രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു.
ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.സിബിഐ അന്വേഷണം പറഞ്ഞ് കേസ് രാഷ്ട്രീയ വൽക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടിയെ ഭയപ്പെടുത്താമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. ഒരു അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























