ഹെൽമറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് യുവാവിനെ പോലീസ് ചവിട്ടി വീഴ്ത്തി; വീഴ്ചയിൽ ഒപ്പം സഞ്ചരിച്ച ഗർഭിണിയായ ഭാര്യയ്ക്ക് ദാരുണാന്ത്യം

പോലീസുകാരുടെ ക്രൂരത അവസാനിക്കുന്നില്ല. തമിഴ്നാട്ടിലെ ത്രിച്ചിയിൽ ഹെൽമറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് യുവാവിനെ പോലീസ് ചവിട്ടി താഴെയിട്ടു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഗർഭിണിയായ ഭാര്യ മരിച്ചു. മൂന്നു മാസം ഗർഭിണിയായ ഉഷയാണ് മരിച്ചത്. ഉഷ സ്കൂട്ടറില്‍ ഭർത്താവ് രാജയുടെ കൂടെ സഞ്ചരിക്കവേ ഹെല്‍മറ്റ് ധരിക്കാത്തതിന് രാജയെ പൊലീസ് കൈകാണിച്ചിരുന്നു. എന്നാൽ രാജ നിർത്താതെ പോയി. തുടർന്ന് മറ്റൊരുബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പൊലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയും വീഴ്ചയില്‍ ഉഷയുടെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ ഉഷ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ത്രിച്ചി തഞ്ചാവൂർ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപകമായി അക്രമം നടന്നിരുന്നു. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha

























