ഷുക്കൂര്‍വധം സി.ബി.ഐ നേരാംവണ്ണം അന്വേഷിച്ചാല്‍ ചില സി.പി.എം നേതാക്കള്‍ക്ക് അഡാറ് പണിയാകും അതിനാല്‍ ബി.ജെ.പിയുമായി അഡ്ജസ്റ്റ്‌മെന്റിന് നീക്കം

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ സി.പി.എം രാഷ്ട്രീയ അടവ്‌നയം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഷുഹൈബ് വധം അടക്കം നാല് കൊലക്കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. നാലിലും സി.പി.എം നേതാക്കളാണ് പ്രതികള്‍. പയ്യോളി മനോജ്, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് എന്നീ കേസുകളാണ് സി.ബി.ഐ അന്വേഷണം നടത്തിവരുന്നത്. തെളിവുകള്‍ നശിപ്പിച്ചത് കാരണവും ഗൂഢാലോചന അന്വേഷിക്കുന്നതിലുള്ള പ്രയാസവുമാണ് സി.ബി.ഐയെ കുഴയ്ക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. ജയരാജനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ കാണിച്ച ശുഷ്‌കാന്തി പിന്നീട് ഉണ്ടാകാത്തത് ഇതിനാലാണെന്നും പറയുന്നു.
കണ്ണൂരില്‍ ഷുഹൈബിനെ വധിച്ചത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. അതിനാലാണ് ഗൂഢാലോച ഉള്‍പ്പെടെ സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ വാശിപിടിച്ചത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്തവരെയാണ് അറസ്റ്റിലായത്. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ ആകാശ് തില്ലങ്കേരി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വലംകയ്യാണ്. ഇതോടെയാണ് സി.പി.എം പ്രതിസന്ധിയിലായത്. പതിവിന് വിപരീതമായി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഡാലോചന അന്വേഷിക്കാതെ, വ്യക്തിവൈരാഗ്യമാണ് വധത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ശ്രമം.
ബി.ജെ.പിയും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്തതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അവിടെ രാഷ്ട്രീയ അടവ്‌നയം പ്രോഗിച്ച് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന് അറിയുന്നു. സി.ബി.ഐ നേരാംവണ്ണം അന്വേഷിച്ചാല്‍ ചില നേതാക്കള്‍ അകത്താകും. അത് കൂടി കണക്കിലെടുത്ത് ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയെ ജയിപ്പിക്കാന്‍ സഹായിക്കാനാണ് ശ്രമം. ഇതിനായി ദൂതന്‍മാരെ ഉപയോഗിച്ച് ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ തീരെ ദുര്‍ബലനായതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടിയെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യാം.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ശക്തമാക്കിയിരുന്നു. ഇതറിഞ്ഞ പിണറായി അടുപ്പക്കാരനായ മാധ്യമപ്രവര്‍ത്തകനെ മധ്യസ്ഥ ചര്‍ച്ചയ്ക്കായി ബി.ജെ.പി നേതാക്കളുടെ അടുത്തേക്ക് അയച്ചു. അതോടെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കാന്‍ വൈകിയത്. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി ജയിലില്‍ അടച്ചു. പിണറായിയുടെ ലാവ്‌ലിന്‍ കേസ് മാത്രം കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ സി.പി.എം നേതാവ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പരോക്ഷമായി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























