സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത് ; പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്

തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണം. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരമൊരു നിലപാടിനുള്ള കാരണങ്ങളും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണ ബിരുദം നല്‍കുന്നതായും ചുള്ളിക്കാട് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha