ചെങ്ങന്നൂരില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമാകും; ഇന്ന് എല്‍.ഡി.എഫ്, വ്യാഴാഴ്ച യു.ഡി.എഫ്, ബി.ജെ.പി തീരുമാനമായില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ സജ്ജീവ പ്രചരണത്തിലായതോടെ മണ്ഡലം വേനല്‍ച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലുമായി. രണ്ടാഴ്ചയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. പക്ഷെ, കണ്‍വന്‍ഷനുകളോ പൊതുയോഗങ്ങളോ ഒരു മുന്നണികളും ഇതുവരെ വിളിച്ച് ചേര്‍ത്തിട്ടില്ല. ഇന്ന് എല്‍.ഡി.എഫ് കണ്‍വെന്‍ഷന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സമ്മേളനം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് സമ്മേളനം നീണ്ട് പോയത്. നേതാക്കള്‍ എ.ഐ.സി.സി സമ്മേളത്തിന് പോയതിനാലാണ് യു.ഡി.എഫിന്റെ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പ്രചരണം തുടങ്ങിയ ബി.ജെ.പിയോ മുന്നണിയായ എന്‍.ഡി.എയോ ഇതുവരെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടില്ല.
ബി.ഡി.ജെ.എസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ബി.ജെ.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബി.ജെ.പി ഒഴികെയുള്ള, മുന്നണിയിലെ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് എന്‍.ഡി.എ കേരള ഘടകം ചെയര്‍മാന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേസമയം ബി.ജെ.പിക്ക് ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കെ.എം മാണിയെ പോലുള്ളവരുമായി സഹകരിക്കേണ്ടെന്നും അഴിമതി മുക്ത മുദ്രാവാക്യമാണ് എന്‍.ഡി.എ ഉയര്‍ത്തുന്നതെന്നും കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ കെ.എം മാണിയെ കുറിച്ച് തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സ്ഥാനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
പി.സി വിഷ്ണുനാഥ് പിന്‍മാറിയത് ചെങ്ങന്നൂരിലെ കോണ്‍ഗ്രസുകാരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തില്‍ സജ്ജീവമായി പ്രവര്‍ത്തിച്ച വിഷ്ണുനാഥിനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കണമെന്നായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവശ്യം. അത് നടക്കാകാതെ വന്നതോടെ പലരും പരിഗണനയിലായി. അവസാനമാണ് ഡി. വിജയകുമാറിനെ രംഗത്തിറക്കിയത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. അയ്യപ്പസേവാസംഘം നേതാവുമാണ്. നായര്‍- ഈഴവ വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂരില്‍ വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സര്‍ക്കാരിനെതിരായ ജനവികാരവും കൊലപാതക രാഷ്ട്രീയത്തിനെതിരായ പൊതുവികാരവും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറെ കണക്ക്കൂട്ടലുകള്‍ക്ക് ശേഷമാണ് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. കൊഴുവല്ലൂര്‍ സ്വദേശിയായ സജി ചെറിയാന്‍ ദീര്‍ഘകാലം സി.പി.എമ്മിന്റെ ചെങ്ങന്നൂര്‍ ഏര്യാ സെക്രട്ടറിയായിരുന്നു. ക്രിസ്ത്യന്‍- ഈഴവ- പട്ടികജാതി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സജി ചെറിയാനെ രംഗത്തിറക്കിയത്. എന്‍.എസ്.എസിന് നിര്‍ണായസ്വാധീനമുള്ള മുണ്ടന്‍കാവ് യൂണിയന്‍ മണ്ഡലത്തിലാണ്. എന്‍.എസ്.എസിന്റെ പിന്തുണ ഇവിടെ സി.പി.എമ്മിനാണെന്നും കേള്‍ക്കുന്നു. ദേവസ്വംബോര്‍ഡില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്‍.എസ്.എസ് പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്.
മൂന്ന് മുന്നണികളില്‍ നിന്നും മാറി നില്‍ക്കുന്ന കേരളാകോണ്‍ഗ്രസിനും ചെങ്ങന്നൂരില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. മുമ്പ് കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് ജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കെ.എം മാണിയെ എങ്ങനെയും തങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മല്‍സരിക്കുകയാണ്.
https://www.facebook.com/Malayalivartha