കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടപ്പെടുമോ...? ബാങ്കിന്റെ 8.63 കോടി പുതിയ ഒാഹരി കനേഡിയന്‍ സ്ഥാപനമായ ഫെയര്‍ ഫാക്സിന് വില്‍ക്കാനും നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം നിലവിലുള്ള 49 ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്താനും ഇന്ന് അംഗീകാരം നല്‍കും

തൃശൂര്‍ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടപ്പെടുമോ എന്ന് ഇന്ന് ചേരുന്ന അസാധാരണ ജനറല്‍ ബോഡിയിൽ അറിയാം. ബാങ്കിന്റെ 8.63 കോടി പുതിയ ഒാഹരി കനേഡിയന്‍ സ്ഥാപനമായ ഫെയര്‍ ഫാക്സിന് വില്‍ക്കാനും നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം നിലവിലുള്ള 49 ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്താനും ഇന്ന് അംഗീകാരം നല്‍കും. കാത്തലിക് സിറിയന്‍ ബാങ്കിന് 97 വര്‍ഷം പഴക്കമുണ്ട്. ഇതിൽ 94 വര്‍ഷവും ബാങ്ക് ലാഭത്തിലായിരുന്നു. എന്നാൽ 2015ല്‍ 53 കോടി രൂപയും 2016ല്‍ 149 കോടിയും നഷ്ടം കാണിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറില്‍ അവസാനിച്ച ആദ്യ ഒമ്പതു മാസത്തെ കണക്കെടുപ്പ് നോക്കുകയാണെങ്കിൽ 59.65 കോടി രൂപ നഷ്ടത്തിലാണ്. സി.എസ്.ബിയില്‍ ഒാഹരി പങ്കാളിത്തമുള്ളവരിൽ മലയാളികളായ എം.എ. യൂസഫലിയും സി.കെ. ഗോപിനാഥനുമുണ്ട്. ബാങ്ക് നിയന്ത്രണത്തിലാവുന്നതോടെ ആസ്ഥാനം മാറുകയും സിഎസ്ബി മറ്റൊരു ബാങ്കിന്റെ ഭാഗമാവുകയും ചെയ്യും. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വ്യവസായി സോംചായ് ചാവ്ല സി.എസ്.ബി വാങ്ങാന്‍ ശ്രമിച്ചിരുന്നു. അന്ന് തൃശൂര്‍ അതിരൂപതയും പൊതുജന സമൂഹവും ഇടപെട്ട് ആ കൈമാറ്റം തടയുകയായിരുന്നു. പിന്നീട് ഫെഡറല്‍ ബാങ്കിന്റെ ഭാഗമാക്കാന്‍ നടന്ന നീക്കതിനെതിരെയും എതിർപ്പുകളുണ്ടായി. ഫെയര്‍ ഫാക്സിന്റെ ഉപസ്ഥാപനം എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്വെസ്റ്റ്മന്റ്സ് ലിമിറ്റഡ് ആണ് ഒാഹരികള്‍ വാങ്ങുന്നത്. ഇപ്പോൾ ബാങ്കിങ് രംഗത്തില്ലാത്ത സ്ഥാപനമാണിത്. ഇതോടുകൂടി സി.എസ്.ബിയില്‍ ആകെ വിദേശ പങ്കാളിത്തം 63 ശതമാനമായിമാറും.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.ജി വൈശ്യ ബാങ്കില്‍ നെതര്‍ലന്‍ഡ്സിലെ ഐ.എന്‍.ജി ഗ്രൂപ്പ് വലിയ ഒാഹരി ഉടമയാവുകയും ഐ.എന്‍.ജി വൈശ്യ പിന്നീട് കൊട്ടക് മഹീന്ദ്രയില്‍ ലയിപ്പിക്കുകയും ചെയ്തതുപോലെയുള്ള സമാന നീക്കങ്ങളാണ് സി.എസ്.ബിയില്‍ സംഭവിക്കുന്നത്. ഇതിന് മുമ്പും ഫെയര്‍ ഫാക്സ് സി.എസ്.ബിയുടെ ഒാഹരി വാങ്ങാന്‍ ശ്രമിച്ചിരുന്നു. അന്ന് ഒാഹരി മൂല്യം 180 രൂപയാണ് നിശ്ചയിച്ചത്. അത് പിന്നീട് 160 രൂപയായി കുറച്ചു. എന്നിട്ടും ഫെയര്‍ ഫാക്സ് പിന്മാറി. ഇപ്പോള്‍ 140 രൂപക്കാണ് കൈമാറ്റം. പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ ഫാക്സ് പുതിയ ഒാഹരികള്‍ വാങ്ങുന്നതോടെ ഒരു ഇന്ത്യന്‍ ബാങ്കില്‍ പകുതിയിലധികം ഒാഹരി പങ്കാളിത്തമുള്ള ഏക സ്ഥാപനമാവും. ഇതോടൊപ്പമാണ് നേരിട്ടുള്ള വിദേശ നിക്ഷേപ ശതമാനം റിസര്‍വ് ബാങ്ക് അനുവദിച്ച 74 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത്. രണ്ട് അജണ്ടക്കും ഒറ്റ ജനറല്‍ ബോഡിയില്‍ അംഗീകാരം ലഭിക്കുന്നതോടെ കേരളത്തിന് നഷ്ടപ്പെടുന്ന പഴയ തലമുറ ബാങ്കുകളുടെ കൂട്ടത്തിലേക്ക് സി.എസ്.ബിയും എത്തും.
https://www.facebook.com/Malayalivartha