കേരളാ കോണ്‍ഗ്രസിനെ ചെങ്ങന്നൂരില്‍ നിന്ന് ആട്ടിപ്പായിച്ച് കാനം രാജേന്ദ്രന്‍; ഇടത് മുന്നണിയില്‍ ഭിന്നിപ്പ് രൂക്ഷം

ഇരുമുന്നണികള്‍ക്കും പുറത്തുനില്‍ക്കുന്ന കെ.എം. മാണിയെ സ്വാധീനിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ ഉറപ്പിക്കാന്‍ സി.പി.എം ശ്രമിക്കുന്നതിനിടയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഉഗ്രന്‍ പണി. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ വോട്ടില്ല. പാലായിലെ വോട്ടുള്ളൂ- എന്നുള്ള കാനത്തിന്റെ പ്രസ്താവന സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന് എണ്ണായിരത്തോളം വോട്ടുകളുണ്ടെന്നാണ് സി.പി.എം മണ്ഡലത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലുള്ളത്. ഇക്കുറി തങ്ങള്‍ക്കു നഷ്ടമാകുന്ന ഭരണവിരുദ്ധ വോട്ടുകള്‍ക്ക് പകരം കെ.എം. മാണിയുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് വോട്ടുകളും ശോഭനാ ജോര്‍ജിന്റെ പിന്തുണയോടെ ആയിരത്തോളം വോട്ടുകളും നേടാം എന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ കെ.എം. മാണിയെ ആട്ടിപ്പായിക്കുന്ന നയം കാനം രാജേന്ദ്രന്‍ തുടരുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം സി.പി.എമ്മിനെ കൂടുതല്‍ കരുത്തരാക്കുമെന്ന് കാനത്തിനറിയാം. ഇലക്ഷന്‍ ഒരു പാലമാക്കി കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്ക് അടുപ്പിക്കാനും സി.പി.എം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒറ്റയടിക്ക് ഇതിനെയെല്ലാം തീര്‍ക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യം. മണ്ഡലത്തിലെ സി.പി.ഐ നേതാക്കളുടെ താത്പര്യക്കുറവ് മുന്നണി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കാനം രാജേന്ദ്രന്റെ ഇത്തരം നീക്കങ്ങളില്‍ സി.പി.ഐയിലെ ഒരു വിഭാഗം അസ്വസ്ഥരാണ്.
കാനത്തിന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാത്ത സി.പി.എമ്മിനെ എന്തിന് പിന്തുണയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചോദിക്കുന്നു. കേരളാ കോണ്‍ഗ്രസ് എം.എല്‍.എ എന്‍. ജയരാജാണ് ഇന്നലെ കാനം രാജേന്ദ്രനെതിരെ പരസ്യമായി രംഗത്തു വന്നു.
കേരളാ കോണ്‍ഗ്രസിന് പാലായില്‍ മാത്രം വോട്ടുള്ളതുകൊണ്ടാണോ വാഴൂരില് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്ന് ജയരാജിന്‍ ചോദിച്ചു. ഇടതുമുന്നണിയിലെ സൂപ്പര്‍സ്റ്റാറാകാന്‍ വേണ്ടി കിരീടം എന്ന മലയാള സിനിമയിലെ കൊച്ചിന്‍ ഹനീഫയുടെ വേഷം കെട്ടുകയാണ് കാനം. ഒറ്റയ്ക്ക് നിന്നാല്‍ സി.പി.ഐയുടെ ശക്തി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. വാഴൂരില്‍ തുടര്‍ച്ചയായി രണ്ടുതവണ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടയാളാണ് കാനം രാജേന്ദ്രന്‍. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണാന്‍ പ്രാര്‍ത്ഥിക്കുന്ന ആളെപ്പോലെയാണിപ്പോള്‍ കാനം. ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോറ്റാലും കേരളാ കോണ്‍ഗ്രസിനെ അടുപ്പിക്കരുത്. മുന്നണിയിലും പ്രതിഷേധം തുടരുന്നു.
https://www.facebook.com/Malayalivartha