കൊച്ചി കുമ്പളയില്‍ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലാക്കി കായലില്‍ ഉപേക്ഷിച്ച ഉദയം പേരൂർ സ്വദേശിനിയുടെ കൊലപാതകത്തിലെ ചുരുളഴിയുന്നു... ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന

കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവുമൊടുവിലായി പുറത്തുവരുന്നത് ശകുന്തളയ്ക്ക് ഒന്നര വര്‍ഷം മുമ്പ് ലോട്ടറിയടിച്ചിരുന്നുവെന്ന സൂചനയാണ്. ലോട്ടറി അടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ തുക കൈവശപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്നതാണോ കൊലപാതകം എന്ന ചോദ്യത്തിലേക്ക് അന്വേഷണം വഴിമാറും.
കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ലോട്ടറി വില്‍പനക്കാരിയായിരുന്നു ശകുന്തള. വില്‍ക്കാതെ കൈവശം ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചതെന്നാണു രഹസ്യ വിവരമുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എത്ര തുകയാണ് സമ്മാനം ലഭിച്ചതെന്നും വ്യക്തമല്ല.
ലോട്ടറി ടിക്കറ്റിനു വലിയ തുകയുടെ സമ്മാനം ലഭിക്കുമ്പോള്‍ മുഴുവന്‍ സമ്മാനത്തുകയും നല്‍കി ടിക്കറ്റ് കൈവശപ്പെടുത്തുന്ന കള്ളപ്പണ റാക്കറ്റ് കൊച്ചിയില്‍ സജീവമാണ്. ലോട്ടറിയടിച്ച വ്യക്തി നേരിട്ടു സമ്മാനം വാങ്ങിയാല്‍ 35% തുക നികുതിയായി അടയ്ക്കണമെന്നിരിക്കെ ഈ സാഹചര്യം മുതലാക്കിയാണ് റാക്കറ്റിന്റെ പ്രവര്‍ത്തനം.
2016 സെപ്റ്റംബര്‍ അവസാനം ശകുന്തള കൊല്ലപ്പെട്ടുവെന്നാണ് സാഹചര്യതെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ പൊലീസിന്റെ അനുമാനം. കള്ളപ്പണ റാക്കറ്റിന്റെ പക്കല്‍നിന്നു പണം വാങ്ങി ശകുന്തള ലോട്ടറി ടിക്കറ്റ് കൈമാറിയിട്ടുണ്ടെങ്കില്‍ കൊല്ലപ്പെടുമ്പോള്‍ ആ തുക അവരുടെ പക്കലുണ്ടെന്ന് അനുമാനിക്കേണ്ടിവരും. അസ്ഥികൂടത്തിനൊപ്പം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൂന്ന് 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടവയായിരുന്നു. 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പണം കൈവശപ്പെടുത്താനാണു കൊലയാളികള്‍ ശകുന്തളയെ വകവരുത്തിയതെങ്കില്‍ ആ പണം ബാങ്കില്‍ സമര്‍പ്പിച്ചു തുല്യതുകയ്ക്ക് പുതിയ നോട്ടുകള്‍ വാങ്ങിയിട്ടുണ്ടാവുമെന്നാണു നിഗമനം. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
ശകുന്തളയുടെ കൈവശമുണ്ടായിരുന്ന പണത്തെപ്പറ്റി ഒന്നും അറിയില്ലെന്നാണ് മകള്‍ അശ്വതി മൊഴി നല്‍കിയിരിക്കുന്നത്. അശ്വതിയുടെ അടുത്ത സുഹൃത്തായ പത്തനംതിട്ട സ്വദേശിനിയെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളുമായി ഈ യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശകുന്തളയെ കാണാതായതിന് ശേഷം അശ്വതിയും രണ്ടു മക്കളും ഇവരുടെ സംരക്ഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha