ലസിയുണ്ടാക്കാന്‍ വെള്ളമെടുക്കുന്നത് കക്കൂസില്‍നിന്ന്: കെട്ടിടത്തിനുള്ളില്‍ രണ്ട് നായ്ക്കളും മുറിക്കുള്ളില്‍ ഇവയുടെ വിസര്‍ജ്യവും: കൊച്ചിയിൽ ലസി മൊത്ത വിതരണകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ട കാഴ്ചകൾ ഇങ്ങനെ...

കൊച്ചി നഗരത്തില്‍ നിരവധി ലസി ഷോപ്പുകള്‍ ഉയർന്നുവരുന്ന സാഹചര്യത്തിൽ ലസി മൊത്ത വിതരണകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്. ലസിയുണ്ടാക്കാന്‍ വെള്ളമെടുക്കുന്നത് കക്കൂസില്‍നിന്ന്. കെട്ടിടത്തിനുള്ളില്‍ രണ്ട് നായ്ക്കളും മുറിക്കുള്ളില്‍ ഇവയുടെ വിസര്‍ജ്യവും. അവിടെതന്നെയാണ് ലസിയുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കലക്കിവെച്ച ലസി ഇതിനടുത്ത് നിരവധി പ്ലാസ്റ്റിക് ബക്കറ്റുകളില്‍ സൂക്ഷിച്ചിരുന്നു.
കൃത്രിമ ലസിയുണ്ടാക്കാനുള്ള പൊടിയും ഉദ്യോഗസ്ഥര്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൃത്രിമ തൈരാണ് ഉപയോഗിച്ചുവന്നത്. മധുരത്തിന് പഞ്ചസാരക്കുപകരം രാസവസ്തുക്കള്‍ ഉപയോഗിച്ചതായും കണ്ടെത്തി. വൃത്തിഹീന അന്തരീക്ഷത്തില്‍ സൂക്ഷിച്ചിരുന്ന തൈര്, ക്രീം, ഫ്രൂട്സ് മിക്സ്ചര്‍, നട്സ്, ഡ്രൈ ഫ്രൂട്സ്, രാസപദാര്‍ഥങ്ങളും കണ്ടെടുത്തു.
കൊച്ചി നഗരത്തില്‍ ലസി ഷോപ്പുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന സാഹചര്യത്തിലാണ് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഏതാനും ആഴ്ചകളായി ഔട്ട്ലറ്റുകള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. നേരിട്ടെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഒരിടത്തും ഷോപ്പുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചില സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ രേഖകളും ഉണ്ടായിരുന്നില്ല.
ജി.എസ്.ടി ഇന്‍റലിജന്‍സ് അസിസ്റ്റന്റ് കമീഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. ഇതിന്റെ ഉടമ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരം തൊഴിലാളികളില്‍നിന്ന് ലഭിച്ചിട്ടില്ല. സ്ഥലത്തുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ടുദിവസത്തിനകം ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെന്ന് വില്‍പന നികുതി ഇന്‍റലിജന്‍സ് ഓഫിസര്‍ പി.ബി. വേണുഗോപാല്‍ പറഞ്ഞു. നികുതി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പൊലീസിനെയും കോര്‍പറേഷന്‍ അധികൃതരെയും വിവരം അറിയിച്ചു. കെട്ടിടം പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് സീല്‍ ചെയ്തു.
https://www.facebook.com/Malayalivartha