സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയരുന്നു: അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ: തോത് അളക്കാന്‍ സംവിധാനമൊരുക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് സർക്കാർ

സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയരുകയാണ്. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകളും. ഇവ രണ്ടും മോട്ടോര്‍വാഹനങ്ങള്‍ പുറന്തള്ളുന്നവയാണ്. നോര്‍മല്‍ മീറ്റര്‍ മൈക്രോക്യൂബ് അന്തരീക്ഷത്തില്‍ 1200 മൈക്രോഗ്രാം വരെ ഇവ അനുവദനീയമാണ്. എന്നാല്‍, കേരളത്തില്‍ ഇവ പരിധി കടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ സംസ്ഥാനങ്ങളും തത്സമയ വായുഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ അന്തരീക്ഷ മലിനീകരണം അപകടകരമായി ഉയരുമ്പോഴും തത്സമയ വായുഗുണനിലവാര പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖംതിരിക്കുകയാണ് സർക്കാർ.
ശരാശരി മൂന്ന് ഉപകരണങ്ങളുണ്ടെങ്കിലേ ഒരു ജില്ലയുടെ അന്തരീക്ഷ മലിനീകരണ തോത് കൃത്യമായി കണക്കാക്കാന്‍ കഴിയൂ. അന്തരീക്ഷ ഗുണനിലവാരം തത്സമയം പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ (കണ്ടിന്യൂവസ് ആംബിയന്‍സ് എയര്‍ക്വാളിറ്റി എക്യുപ്മെന്റ്) തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ഒന്നുവീതവും എറണാകുളത്ത് മൂന്നെണ്ണവും. കേരളത്തിലെ എല്ലാ ജില്ലകളിലും അന്തരീക്ഷ മാലിന്യത്തോത് ഏറുന്നതായാണ് പഠനങ്ങള്‍. ഇത് കണക്കാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മലിനീകരണത്തോത് വെളിപ്പെടുത്തുന്ന സൂചിക എല്ലാദിവസവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന ബോര്‍ഡിന്റെ പ്രഖ്യാപനവും വെറുംവാക്കായി. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ ബാഹുല്യവും ഏറെയാണ്. പി.എം.-2.5, പി.എം.-10 എന്നിങ്ങനെയാണ് പൊടിപടലങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ഇവ 60 മുതല്‍ 100 മൈക്രോണ്‍ വരെയുണ്ടെന്നാണ് കണ്ടെത്തല്‍. നഗരങ്ങളില്‍ അമോണിയയുടെ അളവും കൂടിയിട്ടുണ്ട്. ഓരോ ജില്ലയുടെയും വിസ്തൃതിയനുസരിച്ച് തത്സമയ വായുഗുണനിലവാര പരിശോധനാ ഉപകരണങ്ങളുടെ എണ്ണം കൂട്ടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha