തുമ്മുന്നതിനിടെ മൂക്കുത്തി ഇളകി ശ്വാസകോശത്തിനകത്തായി; കൊച്ചി സ്വദേശിയായ യുവതിയ്ക്ക് ഒടുവിൽ സംഭവിച്ചത്...

ശ്വാസകോശത്തിൽ അകപ്പെട്ട മൂക്കുത്തി എൻഡോസ്കോപ്പി വഴി പുറത്തെടുത്തു. അമൃത ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം ഇന്റർവെൻഷണൽ പൾമോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ മൂക്കുത്തി എൻഡോസ്കോപ്പി വഴി പുറത്തെടുത്തത്.
ശ്വാസകോശത്തിന്റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയയാണ് പതിവ്. എൻഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചതാണ് പാലാരിവട്ടം സ്വദേശിനിയായ യുവതിക്ക് തുണയായത്. ചെലവേറിയ ശസ്ത്രക്രിയയും തുടർന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഇതുവഴി ഒഴിവായത്.
തുമ്മുന്നതിനിടെ അബദ്ധത്തിൽ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്സ്റേ പരിശോധനയിൽ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി. തുടർന്നാണ് യുവതിയെ അമൃതയിൽ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി രണ്ടു ദിവസത്തിനുശേഷം ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha

























