റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്: കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയത് വിദേശത്തുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവെന്നു സൂചന: രാജേഷിന്റെ മൊബൈല്‍ ഫോണും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നും പോലീസിന് ലഭിച്ചത് നിര്‍ണായകവിവരങ്ങള്‍

കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയത് വിദേശത്തുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവെന്നു സൂചന. രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള സ്വന്തം സ്‌റ്റുഡിയോയില്‍വച്ച് മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്ന സമയത്ത് ഖത്തറിലുള്ള ഈ പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ പരിശോധനയിൽ രാജേഷിന്റെ നിലവിളി ഈ സ്‌ത്രീ കേട്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.
രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ശക്തമായി ആസൂത്രണംചെയ്തു നടപ്പാക്കിയതെന്നു പോലീസിന് സൂചന ലഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പോലീസിന് യാതൊരു തെളിവും കിട്ടിയിരുന്നില്ല.വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ചുവന്നകാറില്‍ നാലുപേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നുപേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. ഒരാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തി അതിനുള്ളിലിരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അക്രമികള്‍ മുഖംമൂടിധരിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രാജേഷിന്റെ മരണമൊഴി പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
രാജേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണ്. രാജേഷും കുട്ടനും റെക്കോഡിങ് സ്റ്റുഡിയോയില്‍ എത്തിയതുള്‍ പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്. രാജേഷിനെ മാത്രമാണ് സംഘം ലക്ഷ്യമിട്ടതെന്നും ശ്രദ്ധേയമാണ്. വെട്ടേറ്റ് പുറത്തേക്കോടിയ കുട്ടനെ അക്രമികള്‍ പിന്തുടരാന്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിനുപിന്നില്‍ വ്യക്തിപരമായ പകയാണെന്ന് പോലീസ് അനുമാനിക്കുന്നു. കൈകാലുകളിലാണ് ഏറ്റവും കൂടുതല്‍ വെട്ടേറ്റിട്ടുള്ളത്. കൈപ്പത്തി അറ്റുപോവുകയും കാലുകള്‍ ചിതറിപ്പോവുകയും ചെയ്തിരുന്നു. രക്ഷപ്പെട്ടാലും അംഗഭംഗം ഉറപ്പാക്കാനായിരുന്നു ഇതെന്നും വിലയിരുത്തപ്പെടുന്നു. അക്രമികള്‍ വന്ന കാര്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























