വീണ്ടും സ്‍പെൻഷൻ: ഡി.ജി.പി. ജേക്കബ് തോമസിനു സര്‍ക്കാരിന്റെ രണ്ടാം കുറ്റപത്രം: സര്‍ക്കാരിനും രാഷ്‌ട്രീയ നേതാക്കള്‍ക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്ന പുസ്‌തകങ്ങള്‍ എഴുതിയതിന് ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യുന്നു

ഡി.ജി.പി. ജേക്കബ് തോമസിനു സര്‍ക്കാരിന്റെ രണ്ടാം കുറ്റപത്രം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് സസ്‌പെന്‍ഷനിലായിരിക്കുന്ന ഡി.ജി.പി. ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യുന്നു. സര്‍ക്കാരിനും രാഷ്‌ട്രീയ നേതാക്കള്‍ക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്ന പുസ്‌തകങ്ങള്‍ എഴുതിയ കുറ്റത്തിനാണ് പിന്നെയും സസ്‌പെൻഷൻ നൽകുന്നത്. ഐ.എം.ജി. ഡയറക്‌ടറായിരിക്കെ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്‌തത്. വിജിലന്‍സ് ഡയറക്‌ടറായിരിക്കുന്ന സമയത്ത് എഴുതിയ "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍", ഐ.എം.ജി. ഡയറക്‌ടറായിരിക്കെ എഴുതിയ 'കാര്യവും കാരണവും' എന്നിവയിലെ നിയമലംഘനമാണു കുറ്റപത്രത്തിന്റെ ഉള്ളടക്കം. പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട പരാമര്‍ശം, ജനവിരുദ്ധനെന്നു മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം, അഴിമതിക്കേസിലെ ആരോപണവിധേയരും സി.ബി.ഐയും ഒത്തുകളിച്ചെന്ന ആരോപണം തുടങ്ങി പുസ്‌തകത്തിലുള്ള പല കാര്യങ്ങളും കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്.
മുന്‍ മന്ത്രിമാരായ ആര്‍. ബാലകൃഷ്‌ണ പിള്ള, കെ. ബാബു, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ഡി.ജി.പി: ശങ്കര്‍ റെഡ്‌ഡി എന്നിവര്‍ക്കെതിരായ ആരോപണങ്ങളും പാറ്റൂര്‍ അഴിമതി, രാഷ്‌ട്രീയ നേതാക്കള്‍ക്കു ഫ്‌ളാറ്റ് മാഫിയയുമായി ബന്ധം തുടങ്ങി നിരവധി ആക്ഷേപങ്ങളും പുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ചീഫ് സെക്രട്ടറി പറയുന്നു. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം സര്‍വീസ് നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ശിപാര്‍ശയും നല്‍കി. തുടര്‍ന്നാണ് 'കാര്യവും കാരണവും' പരിശോധിച്ചത്. രണ്ടും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതാണെന്നു ചീഫ് സെക്രട്ടറി പറയുന്നു. പുസ്‌തകരചനയ്‌ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യരചനയെന്നു പറഞ്ഞാണ് അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്‌ടികളല്ലെന്നു ചീഫ് സെക്രട്ടറി വിലയിരുത്തുന്നു. പുസ്‌തകങ്ങളില്‍ ജേക്കബ് തോമസ് സര്‍ക്കാര്‍ വകുപ്പുകളെയും ഹൈക്കോടതിയെയും ലോകായുക്‌തയെയും പരിഹസിക്കുന്നു. ഇതു കോടതികളോട് അവജ്‌ഞയുണ്ടാകാന്‍ ഇടയാക്കി. നിരവധി രാഷ്‌ട്രീയ നേതാക്കളെ അഴിമതിക്കാരായി ചിത്രീകരിച്ചു. ഔദ്യോഗികരഹസ്യ നിയമം ലംഘിച്ചു. പോലീസ് സേനയുടെ ഭാഗമായിരുന്ന് സേനയ്‌ക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമാക്കി. അങ്ങനെ നീളുകയാണ് ഡി.ജി.പി. ജേക്കബ് തോമസിന്റെ കുറ്റങ്ങൾ...
https://www.facebook.com/Malayalivartha

























