ചാനൽ പുലി വി എസ് സുനിൽകുമാർ മന്ത്രിസഭയിലെ ' ഏലി ' ; വകുപ്പിലെ 30,000 ഫയലുകൾക്ക് മുകളിൽ അടയിരുന്ന് മന്ത്രി

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളൊക്കെ തകൃതിയായിത്തന്നെ നടക്കുന്നുണ്ട്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ തീർപ്പാക്കുന്നതിൽ സർക്കാർ ഉഷാറാണോ എന്ന് ചോദിച്ചാൽ സംഗതി കുഴയുമെന്നത് ഉറപ്പാണ്. ഓഫീസുകളിലെ ജീവനക്കാർ കൃത്യസമയത്തു തന്നെ ഹാജരുണ്ടാകണമെന്നതും ഫയലുകളുടെ നീക്കുപോക്ക് വേഗത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് അധികൃതരുടെ നടപടികൾ.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സെക്രട്ടറിയേറ്റിനു പുറത്തെ 65 വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 3,95,728 ഫയലുകളാണ്. ഏറ്റവുമധികം ഫയലുകൾ നീങ്ങാത്തത് മോട്ടോർ വാഹന വകുപ്പിലാണ്. 36,289 ഫയലുകളാണ് തീർപ്പാക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പും ഒട്ടും പുറകിലല്ല. 29,784 ഫയലുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. മൂന്നാം സ്ഥാനത്ത് കാർഷിക വികസന ക്ഷേമ വകുപ്പ്. 29,464 ഫയലുകളാണ് അനക്കമില്ലാതെ കിടക്കുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് സുപ്രഭാതം പത്രമാണ്.
ജീവനക്കാരുടെ വരവും പോക്കും കൃത്യമായി ഉറപ്പിക്കാൻ അവധി രജിസ്‌റററും, പഞ്ചിങ്ങും അടക്കമുള്ള സംവിധാനങ്ങളൊക്കെ ഉണ്ടെങ്കിലും സ്ഥിതി അത്ര നല്ലതല്ല എന്നത് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തീർത്തും കുറ്റം പറയാനും കഴിയില്ല കെമിക്കൽ എക്‌സാമിനേഴ്‌സ് വകുപ്പ്, എൻസിസി, സൈനികക്ഷേമം, ഭവന നിർമ്മാണം എന്നീ വകുപ്പുകളിൽ ഒരൊറ്റ ഫയൽ പോലും തീർപ്പാക്കാനില്ല.
അതേസമയം എക്‌സൈസ് വകുപ്പിൽ 28,075 ഫയലുകളും പഞ്ചായത്ത് വകുപ്പിൽ 23,432 ഫയലുകളും, പബ്ലിക് ഇൻസ്ട്രക്ഷനിൽ 21,828 ഉം ആരോഗ്യ വകുപ്പിൽ 18,194 ഉം, റവന്യൂ വകുപ്പിൽ 17,531 ഫയലുകളും തീർപ്പാക്കാനുണ്ട്.
കണക്കുകൾ നിരത്തി ചോദ്യങ്ങൾ ആരാഞ്ഞാലും അധികൃതരുടെ മറുപടി ഇങ്ങനെ...
സർക്കാർ മാന്വൽ അനുശാസിക്കുന്ന വിധം ഫയൽ തീർപ്പാക്കാൻ അദാലത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഫയൽ നീക്കം കാര്യക്ഷമമാക്കാനും, പരിശോധിക്കാനും ഇ-ഓഫീസ് നടപ്പാക്കി വരുന്നുണ്ട്. പേഴ്‌സണൽ രജിസ്റ്ററുകളുടെ പരിശോധന, ഇന്റേണൽ ഓഡിറ്റ് വിങ്ങിന്റെ പരിശോധന, മാസന്തോറും പ്രവർത്തന പട്ടിക സമർപ്പിക്കൽ എന്നിവ കർശനമാക്കിയിട്ടുണ്ട്. സമയബന്ധിതമായി ഫയലുകൾ നീക്കാത്തതിന്റെ പേരിൽ രണ്ടു പേരെ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഫയൽ നീക്കം മന്ദഗതിയിലാണെന്ന വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഫയലുകൾക്ക് വേഗത കൂട്ടാൻ മുഖ്യമന്ത്രി കഴിഞ്ഞ വർഷം നേരിട്ടിടപെട്ടിരുന്നു. ഇതോടെ എല്ലാ വകുപ്പുകളിലും ഇ-ഫയലിങ് നടപ്പാക്കുകയാണ് മുഖ്യപരിഹാരമായി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha