വര്‍ക്കല ഭൂമി ഇടപാട് കേസ് ; തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. തദ്ധേശ സ്വയംഭരണ വകുപ്പിലേക്കാണ് സ്ഥലം മാറ്റം. വര്‍ക്കല ഭൂമി ഇടപാട് കേസില്‍ ദിവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കലക്ടർ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തതാണു വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു ഭൂമി വിട്ടുകൊടുത്തു ഉത്തരവിറക്കിയത്.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല– പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.
ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്.
https://www.facebook.com/Malayalivartha