ജയസൂര്യ മൂന്നാം പ്രതി; ഇപ്പോള്‍ പൊളിച്ചത് ബോട്ടുജെട്ടി മാത്രം... വീട് പണിതതും നിയമലംഘനത്തിലൂടെ... കുരുക്ക് മുറുകുമ്പോൾ വെട്ടിലായി ജയസൂര്യ

ചിലവന്നൂര്‍ കായല്‍ കൈയേറി ജയസൂര്യ നിര്‍മിച്ച ജെട്ടി കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ ഇന്നലെ പോലീസ് സാന്നിധ്യത്തിലാണു പൊളിച്ചത്. കോണ്‍ക്രീറ്റ് ജെട്ടി തൊഴിലാളികളെ ഉപയോഗിച്ചു കൂടംകൊണ്ടു തര്‍ക്കുകയായിരുന്നു.
കൊച്ചുകടവന്ത്ര ഭാഗത്താണു 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ജയസൂര്യ നിര്‍മിച്ചത്. ബോട്ട് ജെട്ടി മാത്രമാണിപ്പോള്‍ പൊളിച്ചത്. വീടിന്റെ ചുറ്റുമതിലും കൈയേറി നിര്‍മിച്ചതാണെന്നാണ് ആരോപണം. എറണാകുളം വിജിലന്‍സ് യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജയസൂര്യ മൂന്നാം പ്രതിയാണ്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കായല്‍ കൈയേറിയാണ് ജയസൂര്യ വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി 2014ല്‍ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നല്‍കിയത്.
ഗിരീഷിന്റെ ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തതിനാല്‍ കൈയേറ്റം പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണു ജയസൂര്യ കെട്ടിടം നിര്‍മിച്ചതെന്നും മൂന്നുസെന്റ് എഴുനൂറ് സ്‌ക്വയര്‍ ലിങ്ക്‌സ് കായല്‍ കൈയേറിയിട്ടുണ്ടെന്നും സര്‍വേയറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha