നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ 25,000 രൂപ നോക്കുകൂലി തൊഴിലാളികള്‍ മടക്കി നല്‍കി; മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കര്‍ശന നിലപാടെടുത്തതോടെ മാപ്പ് പറഞ്ഞ് തൊഴിലാളികള്‍ തടിതപ്പി

നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കൂകൂലി തൊഴിലാളികള്‍ മടക്കി നല്‍കി. നോക്കൂകൂലിയായി വാങ്ങിയ 25000 രൂപ മടക്കി നല്‍കിയ ശേഷം തൊഴിലാളികള്‍ ഖേദം പ്രകടിപ്പിച്ചതായി സുധീര്‍ കരമന അറിയിച്ചു. തൊഴിലാളികളുടെ ജോലി കളയണം എന്ന ആഗ്രഹം ഇല്ലായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും താരം അറിയിച്ചു. സിനിമാതാരം സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിനും യൂനിയന്‍കാര്‍ നോക്കൂകൂലി വാങ്ങി. 25,000 രൂപയാണ് മൂന്ന് യൂനിയനുകള്‍ ചേര്‍ന്ന് നോക്കുകൂലിയായി വാങ്ങിയത്.
തിരുവനന്തപുരം ചാക്ക ബൈപാസിന് സമീപമാണ് സുധീര്‍ കരമനയുടെ പുതിയ വീട്. ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂനിയനുകള്‍ രണ്ടാഴ്ട മുമ്പ് തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇറക്കാനായി എത്തിയിരുന്നു. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കി. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിലെത്തിയപ്പോള്‍ തൊഴിലാളികളെത്തി നോക്കുകൂലിയായി 75,000 രൂപ ആവശ്യപ്പെട്ടു. ഈ തുക നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് യൂനിയന്‍കാര്‍ മോശമായി സംസാരിക്കുകയും വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.
തുക വാങ്ങിയ യൂനിയന്‍കാര്‍ സാധനം ഇറക്കാതെ മടങ്ങിയതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സുധീര്‍ കരമന പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ല. നോക്കുകൂലി വാങ്ങുന്നതിനെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്ത പുറത്ത് വന്നതോടെ ജില്ലയിലെ നേതാക്കള്‍ സുധീറിനോട് നീരസം അറിയിച്ചിരുന്നു. സുധീര്‍ കരമനയുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സുധീറിനൊപ്പം നിന്നു. എന്നിട്ടും സുധീര്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞു എന്നായിരുന്നു പരാതി. വാര്‍ത്ത കൊടുത്തത് താനല്ലെന്നും തിരുവനന്തപുരത്തുള്ള തന്റെ കെട്ടിടം കോണ്‍ട്രാക്റ്റര്‍ ആയിരിക്കാമെന്നും സുധീര്‍ പറഞ്ഞതായാണ് വിവരം. കേരളത്തിലെ പല ചാനലുകളിലും സുധീര്‍ പ്രത്യക്ഷപ്പെട്ടത് വിനയായി. സുധീര്‍ കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് കരമന ജനാര്‍ദ്ദനന്‍ നായരും കമ്യൂണിസ്റ്റുകാരനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ് എഫ് ഐ നേതാവായിരുന്നു സുധീര്‍. പഠന ശേഷവും സി പി എമ്മില്‍ സജീവമാണ്.
സുധീറിന്റെ കലിപ്പ് പ്രദേശവാസികളായ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ വരുന്ന സാധന സാമഗ്രികള്‍ ഇറക്കാന്‍ എല്ലാവരും സ്വയം ശ്രമിക്കുന്നു. സി ഐ ടി യു ക്കാര്‍ വന്നാല്‍ വിരട്ടി ഓടിക്കുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ചാനലുകാരെ വിളിച്ച് നാറ്റിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha