കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. കണ്ണൂരിലെ കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പി രാജന്റെ വീട്ടിലെ കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. ആള്‍മറ ഉള്‍പ്പെടെ കിണറിലേക്ക് പതിച്ചു. നിലവില്‍ ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ കനത്ത നാശം. റോഡുകളും പാലങ്ങളും തകര്‍ന്നു. കുറ്റ്യാടി, നാദാപുരം, വിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശ നഷ്ടം. പലയിടത്തും ഗതാഗതം താറുമാറായി. മഴയെ തുടര്‍ന്ന് നാദാപുരത്ത് പിക്കപ്പ് വാന്‍ കല്ലാച്ചി വളയം റോഡിലെ വിഷ്ണുമംഗലം പാലത്തില്‍ ഇടിച്ചു. വണ്ടിയിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് കൈവരികള്‍ പൂര്‍ണമായും തകര്‍ന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയില്‍ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുടിക്കല്‍ പാലത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രാത്രി വൈകിയും പ്രവര്‍ത്തിക്കാറുള്ള ഹോട്ടല്‍ ബുധനാഴ്ച തുറക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
വിലങ്ങാട് വായാട് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. ടൗണിനെയും നരിപ്പറ്റ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയില്‍ മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ വിലങ്ങാട് പുഴ കരകവിഞ്ഞു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. അപകടാവസ്ഥയില്‍ താമസിക്കുന്നവരെ നാട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറ്റി. വളയം വാണിമേല്‍, ചെക്യാട് മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു.ഭീതിയില്‍ വിലങ്ങാട്വിലങ്ങാട്ട് ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച മഴ രാത്രിയിലും തിമിര്‍ത്തു ചെയ്തു. മൂന്ന് പാലങ്ങളും മലവെള്ളത്തില്‍ മുങ്ങി. മഞ്ഞച്ചീളി അടക്കമുള്ള അപകട മേഖലയില്‍ നിന്ന് നാട്ടുകാര്‍ പല കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ഉരുള്‍പൊട്ടല്‍ ഭീതിയില്‍ പ്രദേശവാസികള്‍ക്ക് ഉറങ്ങാനായില്ല. ഇന്നലെയും കനത്ത മഴ പെയ്തു. കോഴിക്കോട്കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ അരുണ്ടയില്‍ കുന്നിടിഞ്ഞത് വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി ഇലട്രിക് പൊസ്റ്റുകള്‍ തകര്‍ന്നു. രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി. നെല്ലിക്കാപറമ്പ് അരൂണ്ട കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. നിലച്ച ഗതാഗതം നാട്ടുകാര്‍ ചേര്‍ന്നാണ് പുന:സ്ഥാപിച്ചത്.
കുറ്റ്യാടി കാവിലുംപാറ, മരുതോങ്കര, വേളം, കായക്കൊടി പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടമുണ്ടായി. കാവിലുംപാറ ഒടേരി പൊയിലില്‍ ഒടേരിപൊയില്‍ പീടികയുള്ള പറമ്പ് ശോഭയുടെ വീട്ടുമതില്‍ ഇടിഞ്ഞു വീണു. ഇവരുടെ വീട് അപകട ഭീഷണി നേരിടുകയാണ്.
ഒടേരി പൊയിലില്‍ കുന്നിയുള്ള പറമ്പത്ത് ചന്ദ്രിയുടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി. തോട്ടിലെ ശക്തമായ കുത്തൊഴുക്കില്‍ ഇവരുടെ വീടിനോട് ചേര്‍ന്ന ഭാഗം ഒഴുകിപോയി.
വള്ളുവന്‍കുന്ന് ഭാഗത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ചാപ്പന്‍ തോട്ടം പൂള പാറ തൊട്ടില്‍ പാലം റോഡില്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞു. വാഴയില്‍ അഹമ്മതിന്റെയും പുത്തന്‍പറമ്പില്‍ ആന്‍സലന്റെയും കാര്‍ഷിക വിളകള്‍ നശിച്ചു, ഈ ഭാഗത്തെ ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ളപൈപ്പുകള്‍ തകരാറിലായി. പൊയിലോം ചാലിലെ പ്ലാതോട്ടത്തില്‍ ജോസിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണു. പൊയിലോംചാല്‍ ഇടതുകുനി റോഡില്‍ വലിയ പാറക്കല്ല് വീണ് കിടക്കുകയാണ്. കാവിലുംപാറയിലെ ചോയിച്ചുണ്ട് ഭാഗത്ത് 12 വീടുകളിലും പൈക്കലങ്ങാടി മൂന്ന് അങ്കണവാടി ഭാഗത്ത് അഞ്ച് വീടുകളിലും വെള്ളം കയറി. കുറ്റ്യാടി ചുരം റോഡിലെ പത്താം വളവില്‍ ബുധനാഴ്ച രാത്രി 11 മണിക്ക് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം നിശ്ചലമായി. ഇന്നലെ കാലത്ത് മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. വേളം ശാന്തിനഗറില്‍ ചെടയംകണ്ടി തോട് കരകവിഞ്ഞ് കോളനിയില്‍ വെള്ളം കയറി. പന്ത്രണ്ട് കുടുംബങ്ങളെ മാറ്റി. കടന്തറ പുഴ കരകവിഞ്ഞതോടെ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്,പൃക്കന്‍ തോട്ടം, മീന്‍ പറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
കാവിലുംപാറ പഞ്ചായത്തില്‍ വലിയ പാറക്കെട്ടുകള്‍ കുത്തിയൊലിച്ചെത്തി. മരങ്ങള്‍ കടപുഴകി. നിരവധി തെങ്ങുകളും കമുകുകളും നിലംപൊത്തി. ആള്‍താമസമില്ലാത്ത ഭാഗമായതിനാല്‍ ഉരുള്‍പൊട്ടലില്‍ ആരുടെയെല്ലാം കൃഷി സ്ഥലങ്ങളാണ് നശിച്ചതെന്ന് വ്യക്തമല്ല. പലര്‍ക്കും കൃഷി നാശംസംഭവിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെയും കാന്തലാട് വില്ലേജിന്റെയും മുന്നറിയിപ്പ് ഉണ്ടായതിനാല്‍ സമീപ പ്രദേശങ്ങളിലുള്ളവര്‍ ബന്ധു വീടുകളിലേക്ക് മാറി.തലയാട് 26ാം മൈലില്‍ മണ്ണിടിച്ചില്‍തലയാട്: മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് 26ാം മൈലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ തോതില്‍ മണ്ണ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെടുന്നു. കക്കയം, കരിയാത്തന്‍പാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് വില്ലേജ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ മണ്ണ് മാറ്റല്‍ ദുഷ്‌ക്കരമായിരിക്കുകയാണ്.മണ്ണിടിഞ്ഞ് വഴിയടഞ്ഞുതലയാട്: ചുരത്തോട് പേര്യമല ഭാഗങ്ങളിലേക്ക് പോകുന്ന റോഡിലേയ്ക്ക് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചില്‍ കാരണം പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വീടുകളിലേയ്ക്ക് പോകാന്‍ വഴികളില്ലാതെ ബുദ്ധിമുട്ടുകയാണ്. എത്രയും പെട്ടെന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഉത്തരകേരളത്തിലെ നാലു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവയ്ക്ക് പുറമെ മലപ്പുറം ജില്ലയിലും റെഡ് അലര്‍ട്ടാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച കാസര്‍കോടും കണ്ണൂരും റെഡ് അലര്‍ട്ടാണ്.
വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് ജാഗ്രതാ നിര്‍ദേശമുണ്ട്. ബാക്കി എല്ലാ ജില്ലകളിലും അന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറന്നു . ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്റെ 15 സെന്റീമീറ്റര്‍ ആണ് രണ്ടു മണിയോടെ ഉയര്‍ത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം സ്പില്‍വേയുടെ മുന്നില്‍ പുഴയില്‍ ഇറങ്ങുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികള്‍ ജലശയങ്ങളില്‍ പോകുന്നില്ല എന്നത് ഓരോ രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, കേരളത്തില്‍ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്കാണ് സാധ്യത. ജൂലൈ 19, 20 തീയതികളില്‍ അതിതീവ്ര മഴയ്ക്കും21 വരെ അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha