6 പേര്‍ക്ക് പുതുജീവന്‍ നല്‍കി ബിജിലാല്‍ യാത്രയായി

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ കാറാത്തലവിള ബിജിലാല്‍ കൃഷ്ണ (42) ഇനി ആറു പേര്‍ക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് നല്‍കിയത്.
2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറില്‍ ബിജിലാല്‍ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടര്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യവനിതാശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെസോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കാട്ടാക്കട, മാറാനല്ലൂരിന് അടുത്ത് പുന്നാവൂരില്‍ സലൂണ്‍ നടത്തുകയായിരുന്നു ബിജിലാല്‍. സഹോദരി: വിജി, സഹോദരീഭര്‍ത്താവ്: ജയകൃഷ്ണന്‍.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. എം.കെ. മോഹന്‍ദാസ്, കെസോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്.എസ്. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനില്‍ കുമാര്‍, കെസോട്ടോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിനോയ് മാത്യു, ജോയിന്റ് ഡയറക്ടര്‍ ഡോ. ബേസില്‍ സജു എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha