കേരളത്തില്‍ ബാറുകളേ വേണ്ട… ഇനി പിന്മാറുന്നത് ഇമേജിനെ ബാധിക്കും; ഫൈവ് സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും പൂട്ടാന്‍ സര്‍ക്കാര്‍ ആലോചന

കേരളക്കരയില്‍ നിന്നും ബാറുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറക്കുന്നതിലെ യുക്തി സുപ്രീം കോടതി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് പോകുന്നത്. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ ഈ വിവേചനം കണ്ടില്ലെന്ന് നടിച്ചാല്‍ പൂട്ടിയ എല്ലാ ബാറുകളും കോടതി ഉത്തരവിലൂടെ തുറക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അങ്ങനെ വന്നാല്‍ സുധീരന്‍ വീണ്ടും ശക്തമായി രംഗത്തെത്തുകയും സര്‍ക്കാരിന്റെ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇമേജിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍ മദ്യനയവുമായി ശക്‌തമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണു സര്‍ക്കാര്‍.
ഇരുപതിലധികം പഞ്ചനക്ഷത്ര ഹോട്ടലുകളാണു സംസ്‌ഥാനത്തുള്ളത്. ഉടമകളുടെ സമ്മര്‍ദം ശക്‌തമായാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും വൈന്‍, ബിയര്‍ പാര്‍ലറുകളും കൂടി പൂട്ടി വിവേചനം ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ കൂടി പൂട്ടാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ടാവും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്നറിയുന്നു.
എന്നാല്‍ ബാറുകള്‍ പൂട്ടുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ വിവേചനവും ബാറുടമകള്‍ ഉന്നയിക്കും. ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം പറയുന്നത് വിവേചനമായി നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2011 ല്‍ സര്‍ക്കാരിന്റെ ആദ്യ മദ്യനയത്തില്‍ പറഞ്ഞിരുന്നത് 2012 മാര്‍ച്ച് വരെ ത്രീ സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുമെന്നായിരുന്നു.അടുത്ത വര്‍ഷം ഇത് ഫോര്‍ സ്റ്റാറുകള്‍ക്കെന്ന് മാറ്റി. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഹോട്ടലുകള്‍ പണിയുകയും നിലവിലുള്ളവ ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുകയും ചെയ്തവരുണ്ട്.15,000 ലേറെ മുറികളാണ് നവീകരണത്തിന്റെ ഭാഗമായി വിവിധ ഹോട്ടലുകളില്‍ നിര്‍മ്മിച്ചത്.
18 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വൈകുമെന്ന് ഉറപ്പായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha