പിക്ക് അപ്പ് വാനിനു പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി തൊടുപുഴയിൽ പിക്ക് അപ്പ് വാനിനു പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. മലപ്പുറം കാരക്കുന്ന് ചീനിയ്ക്കല് മേത്തലേത്തില് ഷൗക്കത്തലിയുടെ മകന് ഷാഹിന്‍ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് പുതിയങ്ങാടി ഷാബിത മന്‍സിലില്‍ അബ്ദുള്‍ നിഷാദിന്റെ മകന് നിയാസി (21)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 7.45 നു തൊടുപുഴ -മൂലമറ്റം പാതയില്‍ മാരിയില്‍ കലുങ്കിനു സമീപം പെരുക്കൂണിക്കവലയില് ആയിരുന്നു അപകടം. തൊടുപുഴയില്‍ നിന്നു ഇടുക്കിയിലേക്ക് പോവുകയായിരുന്നു ബെെക്ക് യാത്രക്കാരായ ഇരുവരും. മരിച്ച ഷാബിന് ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കഴിഞ്ഞ വര്‍ഷം എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയതാണ്.
പരിക്കേറ്റ നിയാസ് ഇവിടെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു. ഷാബിന് ഇടുക്കി എന്‍ജിനിയറിംഗ് കോളജ് കെഎസ്യു മുന്‍ യൂണിറ്റ് സെക്രട്ടറിയും നിയാസ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഷാഹിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയാസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയതിനു ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























