ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വിലാസത്തില്‍ പുരസ്‌കാരങ്ങള്‍ സ്പീട് പോസ്റ്റിലെത്തും

ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയച്ചുകൊടുക്കും. മെഡലുകളും ഫലകങ്ങളും തപാല്‍ വഴി അംഗീകാരം ലഭിച്ചവരുടെ മേല്‍വിലാസത്തില്‍ വിതരണം ചെയ്യും. 65ാമത് ദേശീയ പുരസ്‌കാര ചടങ്ങില്‍ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്നത്. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.
ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതു സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.
രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, പതിവ് തെറ്റിച്ചുകൊണ്ട് 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതാണ് മലയാളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
https://www.facebook.com/Malayalivartha
























