ആനകളെ പീഡിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി സർക്കാർ; ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്താകും

ആനകളെ പീഡിപ്പിക്കവര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഇനി ജാമ്യമില്ലാത്ത വകുപ്പില്‍ കേസെടുക്കാനാണ് തീരുമാനം. നാട്ടാന പരിപാലനത്തിന്റെ നിയമ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ 12 ഇന നിര്‍ദേശം. പരിപാലനത്തിലുണ്ടായ വീഴ്ചമൂലം കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേര്‍ മരിക്കുകയും ചെയ്തിരുന്നു.
മദപ്പാടുള്ള ആനകള്‍ക്കു വിശ്രമം ഉറപ്പാക്കണം, ഓരോ ജില്ലയിലും അമിതമായി ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കണം. യാത്രാരേഖകള്‍ പരിശോധിക്കണം, ഉത്സവക്കാലത്തിനു മുന്‍പും പിന്‍പും നാട്ടാന പരിപാലന സമിതി യോഗം ചേര്‍ന്ന് ആനകളെ പരിശോധിക്കണം, ജില്ലാ കമ്മിറ്റികള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കൂടുന്നുണ്ടെന്ന് ഉറപ്പാക്കണം, നിയമലംഘനം ആവര്‍ത്തിച്ചാല്‍ ആനയെ പിടിച്ചെടുക്കാം, ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവകമ്മിറ്റികള്‍ വനംവകുപ്പു സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണം, പോരായ്മ കണ്ടെത്തിയാല്‍ ആനയെ പിടിച്ചെടുക്കും. ഉത്സവത്തിനായി ആനകളെ കൊണ്ടുപോകുന്നതിനു നാലുതല പരിശോധന നടത്തണം. നിയമലംഘനം കണ്ടെത്തിയാല്‍ 30 ദിവസത്തിനുള്ളില്‍ കുറ്റം ചുമത്തും. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
https://www.facebook.com/Malayalivartha
























