വളര്‍ത്തുമൃഗങ്ങൾ അക്രമകാരികളായി ; ജില്ലയിൽ ആശുപത്രിയിലായത് പത്തുപേര്‍; വിചിത്ര സംഭവം ഇങ്ങനെ

വളര്‍ത്തുപൂച്ചയുടെയും നായയുടെയും കീരിയുടെയും ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ എത്തിയത് പത്ത് പേർ. കണ്ണൂരാണ് സംഭവം. ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്ക് നായയുടെ കടിയേറ്റു. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപറമ്പിൽ വീട്ടമ്മയെ വളര്‍ത്തുപൂച്ച കടിച്ചു.
ചെമ്പിലോട് കോമത്തുകുന്നുമ്മല്‍ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു.
ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയല്‍വാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു. പിന്നീട് മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്ബേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂര്‍കുന്നത്തുതാഴെ ദേവിയെ വളര്‍ത്തുപൂച്ചയാണ് ആക്രമിച്ചത്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങള്‍ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യില്‍ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറണമെന്ന് നിര്‍ദേശം ലഭിച്ചു.
ഏഴോം കണ്ണോത്തെ കീരി വയോധികരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടില്‍ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടില്‍ ജനാര്‍ദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു. ഇവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























