അനുഗ്രഹിച്ചു യാത്രയാക്കിയ മകന്‍ വളരെ പ്രതീക്ഷയോടെ സന്തോഷം അറിയിക്കാന്‍ അച്ഛന്റെയടുക്കല്‍ എത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ ശരീരം; തമിഴ്‌നാട്ടില്‍ നിന്നും കസ്തൂരി വന്നത് പിതാവിന്റെ കൈപിടിച്ച്, മടങ്ങിയത് മൃതദേഹവുമായി കണ്ണീരോടെ

ഏറെ പ്രതീക്ഷയോടെ പരീക്ഷയെഴുതാന്‍ പോയി തിരിച്ചുവന്ന മകന് കാണാനായത് അച്ഛന്റെ മൃതദേഹം. ഏറെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാ (46)ണു മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണു കൃഷ്ണസ്വാമിയും മകന്‍ കസ്തൂരി മഹാലിംഗവും കൊച്ചിയിലെത്തിയത്.
ഇന്നലെ രാവിലെ കൃഷ്ണസ്വാമിക്കു നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും കസ്തൂരിയെ വിവരമറിയിക്കാതെ, ബന്ധുവായ ലോഡ്ജ് മാനേജര്‍ക്കൊപ്പം തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്കയച്ചു. മാനേജര്‍ തിരിച്ചെത്തിയപ്പോഴേക്കു കൃഷ്ണസ്വാമിയുടെ നില ഗുരുതരമായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയും പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. കറുപ്പസാമിയും സിറ്റി ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ക്കു നിര്‍ദേശം നല്‍കി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചശേഷം വൈകിട്ടു നാലോടെ ആംബുലന്‍സില്‍ സ്വദേശത്തേക്കു കൊണ്ടുപോയി.
വിവരമറിഞ്ഞ് കൃഷ്ണസ്വാമിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നരയോടെ നീറ്റ് പരീക്ഷ കഴിഞ്ഞ് കസ്തൂരിയെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ബന്ധുക്കള്‍ എത്തിയ ശേഷമാണു പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചത്.
അനുഗ്രഹിച്ചു യാത്രയാക്കിയ അച്ഛന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ കസ്തൂരിയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടു. തമിഴ്‌നാട് അതിര്‍ത്തിവരെ ആംബുലന്‍സിനു പോലീസ് വാഹനം വഴിയൊരുക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കുന്നതുവരെ കലക്ടര്‍ ഒപ്പമുണ്ടായിരുന്നു.
റവന്യൂ വകുപ്പ് അധികൃതര്‍ക്കൊപ്പമാണു മൃതദേഹവുമായി കൃഷ്ണസ്വാമിയുടെ ബന്ധുക്കളെ യാത്രയാക്കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ ലൈബ്രറേറിയനാണു കൃഷ്ണസ്വാമി. തിരുവാരൂര്‍ ഗവ. സ്‌കൂള്‍ പ്രധാനാധ്യാപിക ബി. മഹാദേവിയാണു ഭാര്യ. പരീക്ഷാകേന്ദ്രങ്ങള്‍ കുറവായതിനാല്‍ നീറ്റ് പരീക്ഷയെഴുതാന്‍ തമിഴ്‌നാട്ടില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























